കോട്ടയം: വായനാദിനത്തിൽ കോട്ടയം നഗരസഭയ്ക്ക് പുസ്തകങ്ങളോട് അയിത്തം. നഗരസഭയുടെ ഉടമസ്ഥതയിലുള്ള അഞ്ചിൽ മൂന്നു ലൈബ്രറികളും അടഞ്ഞു കിടക്കുകയാണ്. രണ്ടു ലൈബ്രറികൾ മാത്രമാണ് ഇപ്പോഴും തുറന്നു പ്രവർത്തിക്കുന്നത്. പ്രതിപക്ഷ അംഗങ്ങൾ ചേർന്നു പിടിച്ചെടുത്തു നൽകിയ ലൈബ്രറി പോലും ഇപ്പോഴും തുറക്കാൻ നഗരസഭ തയാറായിട്ടില്ല.

കോട്ടയം നഗരസഭയുടെ ഉടമസ്ഥതയിൽ പാക്കിൽ, ചിങ്ങവനം, സിമന്റു കവല, മുട്ടമ്പലം, കുമാരനല്ലൂർ എന്നിവിടങ്ങളിലാണ് ലൈബ്രറികൾ ഉള്ളത്. ഇതിൽ

കുമാരനല്ലൂരിലെയും മുട്ടമ്പലത്തെയും ലൈബ്രറികൾ മാത്രമാണ് ഇപ്പോഴും തുറന്നുപ്രവർത്തിക്കുന്നത്. പാക്കിലെ ലൈബ്രറി നേരത്തെ സ്വകാര്യ വ്യക്തികൾ കൈയേറിയിരുന്നു. ഈ കൈയേറ്റം ഒഴിപ്പിച്ചത് നഗരസഭയിലെ പ്രതിപക്ഷ അംഗങ്ങൾ ചേർന്നായിരുന്നു. ഈ സംഭവം കഴിഞ്ഞ് രണ്ടു വർഷം പിന്നിട്ടിട്ടും നഗരസഭ ഇവിടെ ലൈബ്രേറിയനെ നിയമിക്കാനോ ലൈബ്രറി പുനസ്ഥാപിക്കാനോ തയാറായിട്ടില്ല. മറ്റുള്ള ലൈബ്രറികളിൽ ഒരിടത്തു പോലും ഇതുവരെയും ലൈബ്രേറിയനെ നിമയിച്ചിട്ടില്ല.

ലൈബ്രറി കെട്ടിടങ്ങളെല്ലാം കൊവിഡ് ലോക്ക് ഡൗണിനു ശേഷം തുറന്നു കൊടുക്കാനൊരുങ്ങുമ്പോഴാണ് നഗരസഭ ഇത്തരത്തിൽ നിഷേധാത്മകമായ നിലപാട് സ്വീകരിച്ചത്. സിമന്റ് കവലയിൽ ശിശുവിഹാറിനു നിർമ്മിച്ച ലൈബ്രറി ഇപ്പോഴും പ്രവർത്തനം ആരംഭിച്ചിട്ടില്ല.

കോട്ടയം നഗരസഭയിൽ ലൈബ്രറികൾ പുനരാരംഭിക്കാൻ നഗരസഭ തയാറാകാത്തതിൽ കടുത്ത പ്രതിഷേധമുണ്ട്. ഇത് നിഷേധാത്മകമായ നിലപാടാണ്. ഇത് അംഗീകരിക്കാനാവില്ല. സാധാരണക്കാർക്ക് അറിവിന്റെ കേന്ദ്രമായ ലൈബ്രറികൾ അടച്ചിടുന്നത് അംഗീകരിക്കാനാവില്ല.


അഡ്വ.ഷീജ അനിൽ

നഗരസഭ പ്രതിപക്ഷ നേതാവ്