a

കുമരകം : തന്റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് അഞ്ചുലക്ഷം രൂപ പിൻവലിച്ചതിനെതിരെ പൊലീസിൽ പരാതിപ്പെട്ടതോടെ ബന്ധുക്കളിൽ നിന്ന് ജീവന് ഭീഷണിയുണ്ടെന്നും കേസ് പിൻവലിക്കാൻ സമർദ്ദമുണ്ടെന്നും കായലിന്റെ കാവലാളായ രാജപ്പൻ പറയുന്നു. എന്തെല്ലാം ഭീഷണിയുണ്ടെങ്കിലും പണം തിരികെ ലഭിക്കാതെ കേസ് പിൻവലിക്കില്ല. വീടെന്ന സ്വപ്നത്തിനായി സ്വരുക്കൂട്ടിയ തുകയാണ് സഹോദരിയും കുടുംബവും അപഹരിച്ചതെന്ന് രാജപ്പൻ പറഞ്ഞു.

കോട്ടയം ജില്ലാ പൊലീസ് മേധാവി ഡി. ശിൽപക്ക് നൽകിയ പരാതിയെ തുടർന്ന് ഡി.വൈ.എസ്.പി. എം. അനിൽ കുമാറിന്റെ നേതൃത്വത്തിൽ രാജപ്പന്റെ സഹോദരി ചെത്തിവേലിൽ വിലാസിനി, ഭർത്താവ് കുട്ടപ്പൻ, മകൻ ജയലാൽ എന്നിവർക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അന്വേഷണ ചുമതലയുള്ള കുമരകം എസ്.ഐ എസ്.സുരേഷ് ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ശേഖരിക്കുകയും രാജപ്പന്റെ മൊഴിയെടുക്കുകയും ചെയ്തു. സഹോദരനായ രാജപ്പന് വേണ്ടി വീടും സ്ഥലവും ഏർപ്പാടാക്കാനാണ് ബാങ്കിൽ നിന്ന് പണം പിൻവലിച്ചതെന്നായിരുന്നു വിലാസിനി ആദ്യം പറഞ്ഞത്. എന്നാൽ ബാങ്കിൽ നിന്ന് എടുത്ത ദിവസം തന്നെ കൈപ്പുഴ മുട്ട് പാലത്തിന് സമീപം വള്ളത്തിൽ വച്ച് പണം രാജപ്പന് കൈമാറിയെന്നും രാജപ്പൻ അത് സഹോദര പുത്രനായ സതീഷിന് നൽകിയെന്നുമാണ് ഇപ്പോൾ പറയുന്നത്.