പാലാ: മൂന്നാനിയിൽ ബൈക്ക് യാത്രക്കാരനെ ഇടിച്ചിട്ട ശേഷം നിർത്താതെ പോയ കാർ പാലാ പൊലീസ് പിടികൂടി. ഈ മാസം 8നായിരുന്നു അപകടം. കെ.എൽ 04 X 1011 രജിസ്‌ട്രേഷനിലുള്ള നീല ആൾട്ടോ കാറും പ്രതി കടപ്പാട്ടൂർ സ്വദേശി കിരൺ വിജയകുമാറിനെയുമാണ് പാലാ എസ്.എച്ച്.ഒ സുനിൽ തോമസിന്റെ നേതൃത്വത്തിൽ പിടികൂടിയത്. കാർ അപകടത്തിനു ശേഷം വീട്ടിൽ ഒളിപ്പിച്ചിരിക്കുകയായിരുന്നു. ലോക്ക് ഡൗണിനു ശേഷം അറ്റകുറ്റപണികൾക്കായി മുരിക്കുംപുഴയിലുള്ള വർക്ക് ഷോപ്പിൽ ഏൽപ്പിച്ച കാർ പൊലീസ് കണ്ടെത്തുകയായിരുന്നു.അപകടം ഉണ്ടായ സ്ഥലത്തുനിന്നും മിററും വീൽ കപ്പും പൊലിസ് കണ്ടെടുത്തിരുന്നു. സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്നും അപകടം ഉണ്ടാക്കിയത് നീല നിറത്തിലുള്ള ആൾട്ടോ കാറാണെന്ന് പൊലീസ് മനസിലാക്കിയിരുന്നു. പാലയിലുള്ള സ്വകാര്യ സ്ഥാപനത്തിൽ ജോലിക്കാരനായ കളത്തൂക്കടവ് സ്വദേശി ദീപക് കുര്യനെയാണ് ഭരണങ്ങാനം ഭാഗത്തുനിന്നും അമിത വേഗതയിലെത്തിയ കാർ ഇടിച്ചു തെറിപ്പിച്ചത്. ഏതാനും ദിവസങ്ങൾക്ക് മുമ്പ് മേരിഗിരി ഭാഗത്തുവെച്ച് ആസ്സാം സ്വദേശിയായ ഇരുപത്തിയൊന്നുകാരനെ ഇടിച്ചിട്ട് നിർത്താതെ പോയ കാർ പത്താം ദിവസം പിടികൂടിയിരുന്നു. പാലാ ഡിവൈ.എസ്.പി പ്രഫുല്ലചന്ദ്രന്റെ മേൽനോട്ടത്തിൽ എസ്.ഐ ശ്യാംകുമാർ കെ.എസ്, തോമസ് സേവ്യർ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ അരുൺചന്ദ്, ഷെറിൻ സ്റ്റീഫൻ എന്നിവർ ചേർന്നാണ് അന്വേഷണം നടത്തിയത്.