യു.ഡി.എഫ് നേതാക്കൾ മരംമുറി നടന്ന സ്ഥലങ്ങൾ സന്ദർശിച്ചു
അടിമാലി: അവ്യക്തമായ നിയമം മനപൂർവം ഉണ്ടാക്കി കർഷകരെ രക്ഷിക്കാനെന്ന വ്യാജേന മരം കൊള്ളയ്ക്ക് കൂട്ടുനിൽക്കുകയാണ് ഇടത് സർക്കാരും ഉദ്യോഗസ്ഥരുമെന്ന് ബെന്നി ബെഹന്നാൻ എം.പി. ഇടുക്കിയിൽ അനധികൃത മരംമുറി നടന്ന സ്ഥലങ്ങളിൽ യു.ഡി.എഫ് നേതാക്കൾക്കൊപ്പം സന്ദർശനം നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ വനം കൊള്ളയ്ക്ക് പിന്നിൽ ഭരണകക്ഷിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ഒരു കൂട്ടം കരാറുകാരാണ്. സർക്കാർ പുറപ്പെടുവിച്ച അവ്യക്തമായ ഓർഡർ മുൻകൂട്ടി അറിഞ്ഞാണ് കേരളത്തിൽ വനം കൊള്ള നടത്തിയത്. ഹൈക്കോടതി നേരിട്ട് ഇടുക്കിയിൽ നടന്ന മരം കൊള്ള അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കൊന്നത്തടി പഞ്ചായത്തിലെ മങ്കുവയിലാണ് ആദ്യം സന്ദർശനം നടത്തിയത്. തുടർന്ന് മൂന്നാർ അടക്കമുള്ള മേഖലകൾ സന്ദർശിച്ചു. അഡ്വ. ഡീൻ കുര്യാക്കോസ് എം.പി, ഡി.സി.സി പ്രസിഡന്റ് ഇബാഹിംകുട്ടി കല്ലാർ, നേതാക്കളായ അഡ്വ. കെ. ഫ്രാൻസിസ് ജോർജ്, റോയി കെ. പൗലോസ്, ജയ്‌സൻ കെ. ആന്റണി, നോബിൻ ജോസഫ് എന്നിവർ ബെന്നി ബെഹന്നാനൊപ്പം ഉണ്ടായിരുന്നു.