അടിമാലി: കല്ലാർ മാങ്കുളം റോഡിൽ കല്ലാർവാലിക്കു സമീപം റോഡിന്റെ സംരക്ഷണഭിത്തി നിർമാണത്തിലെ അപാകത പരിഹരിക്കണമെന്ന ആവശ്യം ശക്തം. ഫില്ലിങ് സൈഡിൽ നിൽക്കുന്ന മരങ്ങൾ സംരക്ഷണ ഭിത്തിക്കുള്ളിൽ നിറുത്തിയാണ് നിർമാണ ജോലികൾ നടക്കുന്നത്. റോഡിനു വീതി കുറവുള്ള ഇവിടെ കട്ടിംഗ് സൈഡിലും വൻമരങ്ങൾ നിൽക്കുന്നുണ്ട്. ഇതോടെ നിർമാണ ജോലികൾ പൂർത്തിയാക്കിയാലും ഇതു വഴിയുള്ള ഗതാഗതം ദുഷ്‌കരമാകുമെന്നാണ് നാട്ടുകാരുടെ പരാതി. വളവോടു കൂടിയ ഭാഗത്താണ് അശാസ്ത്രീയമായി നിർമാണ ജോലികൾ നടക്കുന്നത്. ഇത്തരം സാഹചര്യത്തിൽ ജനപ്രതിനിധികൾ ഇടപെട്ട് സുഗമമായ ഗതാഗതത്തിന് ഗുണകരമാകുംവിധം സംരക്ഷണ ഭിത്തിക്കുള്ളിൽ നിൽക്കുന്നതും കട്ടിങ് സൈഡിൽ നിൽക്കുന്നതുമായ മരങ്ങൾ മുറിച്ചു നീക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.