fish

ചങ്ങനാശേരി: ലോക്ക് ഡൗണും കൊവിഡും മൂലം തളർന്നുപോയ വഴിയോര വിപണി വീണ്ടും സജീവമായി തുടങ്ങി. നാടൻ മത്സ്യവിൽപ്പനയാണ് കൂടുതൽ സജീവമായത്. പുതുപ്പള്ളി പള്ളിയ്ക്കു സമീപം സുഹൃത്തുക്കളായ മൂന്ന് യുവാക്കൾ ചേർന്നു പ്രവർത്തിക്കുന്ന വഴിയോര ആറ്റുമീൻ വിൽപ്പന കേന്ദ്രത്തിൽ ഇതിനോടകം തിരക്കേറി. ഇല്ലിക്കൽ, വെള്ളൂർ സ്വദേശികളായ അഭിലാഷ്, ഹരീഷ്, മനു എന്നിവരാണ് വഴിയോര മത്സ്യ വിൽപ്പനയുമായി രംഗത്തെത്തിയത്. വിദേശത്തായിരുന്ന അഭിലാഷ് ലീവിനു വന്നതാണ്, കൊവിഡും ലോക്ക് ഡൗണും മൂലം മടങ്ങിപ്പോകാൻ സാധിച്ചില്ല. പിന്നീട്, സീസൺ അനുസരിച്ച് നിരവധി വഴിയോര, വാഹനക്കച്ചവടങ്ങൾ ചെയ്തു തുടങ്ങി. ഡ്രൈവർമാരായ ഹരീഷും, മനുവും അഭിലാഷിനൊപ്പം ചേർന്നു കച്ചവടത്തിൽ ഏർപ്പെട്ടു തുടങ്ങി. മത്സ്യ മാർക്കറ്റുകളിൽ കടൽ മത്സ്യങ്ങളുടെ വിലകൂടുതലും കേടാവാതിരിക്കുന്നതിന് അമിതമായ രാസവസ്തുക്കൾ ചേർക്കുന്നതിനാൽ മത്സ്യങ്ങളിൽ വിഷാംശം ചേരുന്നു. അതിനാൽ, നാടൻ മത്സ്യങ്ങളുടെ ഡിമാൻഡും വർദ്ധിക്കുന്നു. കുറവ 250, പരൽ 180, പുല്ലൻ 180, നാടൻ ചെമ്മീൻ 400, വയമ്പ് 140, പള്ളത്തി 260, പൊടിമീൻ 220, വാള 450, കക്ക ഇറച്ചി 100, കാരി 300, മഞ്ഞകൂരി 300-250, ആരകൻ 300-250, വെള്ളക്കൊഴുവ 160, കരിമീൻ 280- 400-480, വരാൽ 380 എന്നിങ്ങനെയാണ് ആറ്റുമീനുകളുടെ വില. നിരവധി പേരാണ് നാടൻ മീനുകൾ വാങ്ങാനായി എത്തുന്നത്. കുമരകത്ത് നിന്ന് പിടിയ്ക്കുന്ന മീനുകളാണ് ഇവിടെ വിൽപ്പനയ്ക്കായി എത്തിച്ചിരിക്കുന്നത്. രാവിലെ 7ന് ആരംഭിക്കുന്ന മീൻ വിൽപ്പന ഉച്ചയോടെ അവസാനിക്കും. ചിലദിവസങ്ങളിൽ നേരത്തെ മത്സ്യങ്ങൾ വിറ്റ് തീരുമെന്ന് കച്ചവടക്കാർ പറയുന്നു. നിരവധി മത്സ്യമാർട്ടുകളിൽ ആറ്റുമീൻ വിൽപ്പന ഉണ്ടെങ്കിലും ഇപ്പോൾ പല മാർട്ടുകളിലും മീനുകൾ ലഭിക്കുന്നില്ല. വ്യാപാര കേന്ദ്രങ്ങളിൽ ആറ്റുമീനുകൾ അന്വേഷിച്ചെത്തുന്നവർ പലരും നിരാശരായി മടങ്ങേണ്ടി വരുന്നു. ലോക്ക് ഡൗൺ ഇളവുകളെ തുടർന്നും വരുമാനമില്ലാതെ വന്നതിനെ തുടർന്ന്, നിരവധി പേരാണ് മത്സ്യ വിൽപ്പനയിലേയ്ക്കും പച്ചക്കറി വിൽപ്പനയിലേക്കും മാറിയത്. ഇത്തരത്തിൽ യാത്രക്കാരെയും വാഹനയാത്രക്കാരെയും ആകർഷിക്കുന്ന തരത്തിൽ ചൂടപ്പം പോലെയാണ് ആറ്റുമീനുകൾ വിറ്റുപോകുന്നത്. മഴക്കാലമായതിനാലും നാടൻ മീനുകളുടെ സീസണും കച്ചവടക്കാർക്കും പ്രതീക്ഷയേകുന്നു. കച്ചവടം മോശമല്ലാത്ത രീതിയിൽ നടക്കുന്നു. വിഷാംശം ഇല്ലാത്തതിനാൽ, ആവശ്യക്കാരും ഏറെയാണെന്ന് വ്യാപാരികൾ പറയുന്നു.