പൊൻകുന്നം:ചിറക്കടവ് ഗ്രാമപഞ്ചായത്തിൽ പ്രഖ്യാപിച്ചിട്ടുള്ള വികസന പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് പ്രസിഡന്റ് സി.ആർ ശ്രീകുമാർ പറഞ്ഞു.കൊവിഡ് പ്രതിസന്ധിമൂലം പൊതുവെ ഉണ്ടായിട്ടുള്ള തടസങ്ങളാണ് ചില പദ്ധതികൾ നിശ്ചിതസമയത്ത് തീരാത്തതിനു കാരണം.
നഗരസൗന്ദര്യവത്ക്കരണമടക്കം ചില പദ്ധതികൾ നടപ്പാക്കിയില്ലെന്ന കേരളകൗമുദി വാർത്തയോട് പ്രതികരിക്കുകയായിരുന്നു പ്രസിഡന്റ്. കൊവിഡ് പ്രതിരോധമാണ് പഞ്ചായത്തിന്റെ മുന്നിലുള്ള മുഖ്യപ്രശ്‌നം.അത് മാതൃകാപരമായ രീതിയിൽതന്നെ ചെയ്തുവരുന്നുണ്ട്. ആദ്യം ഡി.സി.സി പ്രവർത്തനമാരംഭിച്ചത് ചിറക്കടവിലാണ്. കൊവിഡ് രോഗികൾക്ക് ഏറ്റവും മികച്ച ചികിത്സയും അർഹരായവർക്ക് മറ്റ് സഹായങ്ങളും നൽകുന്നുണ്ട്. രോഗികളെ ആശുപത്രിയിലെത്തിക്കുന്നതിന് എല്ലാ വാർഡിലും വാഹനസൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ഭക്ഷണം ആവശ്യമുള്ള മുഴുവൻ പേർക്കും ഭക്ഷണം എത്തിക്കുന്ന വിശപ്പ് രഹിത പഞ്ചായത്ത് പദ്ധതിയും വിജയകരമായി നടക്കുന്നുണ്ട്. വാക്‌സിനേഷൻ സെന്ററും ആരംഭിച്ചു. പ്ലാനിംഗ് കമ്മിറ്റി കൂടി അംഗീകാരം ലഭിച്ചാലേ ടെണ്ടർ നടപടികളുംം മറ്റും പൂർത്തിയാക്കി വികസനപദ്ധതികൾ തുടങ്ങാനാകൂ. ഇത് ചിറക്കടവിന്റെ മാത്രം പ്രശ്‌നമല്ല. കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ് അനുവദിക്കുന്നതിനനുസരിച്ച് പ്രഖ്യാപിച്ചിട്ടുള്ള മുഴുവൻ പദ്ധതികളും നടപ്പാക്കുമെന്ന് സി.ആർ ശ്രീകുമാർ അറിയിച്ചു.