കുട്ടികളുടെ ഓൺലൈൻ പഠനവും മുടങ്ങും
കോട്ടയം: കുറിച്ചി സചിവോത്തമപുരം കോളനിയിൽ അപ്രതീക്ഷിതമായുണ്ടായ വൈദ്യുതി പ്രവാഹനത്തിൽ അൻപതോളം വീടുകളിലെ ഇലക്ട്രോണിക് ഉപകരണങ്ങൾ നശിച്ചു. ടി.വിയും ഫാനും ഫ്രിഡ്ജും വാഷിംഗ് മെഷീനും ലൈറ്റുകളും ഉൾപ്പെടെ നശിച്ചിട്ടുണ്ട്. ചാർജ് ചെയ്യാൻ വച്ചിരുന്ന മൊബൈൽ ഫോണുകളും ലാപ്‌ടോപ്പുകളും നശിച്ചതോടെ വിദ്യാർത്ഥികളുടെ ഓൺലൈൻ പഠന സൗകര്യവും നിലച്ചു. ഇന്നലെ രാവിലെ എട്ടരയോടെയാണ് സംഭവം. മതിയായ കാരണമില്ലാതെ ഗൃഹോപകരണങ്ങൾ പ്രവർത്തിക്കാതെ വന്നതോടെ വീട്ടുകാർ വിവരം ജില്ലാ പഞ്ചായത്തംഗം പി.കെ വൈശാഖിനെ അറിയിച്ചു. സ്ഥലത്തെ വീടുകളിലെത്തിയ വൈശാഖ് വിവരങ്ങൾ ചോദിച്ചറിഞ്ഞു. തുടർന്നു, കെ.എസ്.ഇ.ബി അസി.എൻജിനീയർ അനുസ്മിത, ഓവർസിയർ ഗോപകുമാർ എന്നിവരെ വിളിച്ചുവരുത്തി. ഇവർ സ്ഥലത്ത് നടത്തിയ പരിശോധനയിലാണ് ഡബിൾ ചാർജിംഗ് ആണ് സംഭവിച്ചതെന്നു കണ്ടെത്തിയത്. തുടർന്നു കെ.എസ്.ഇ.ബി അധികൃതർ നശിച്ച സാധനങ്ങളുടെ പട്ടിക തയാറാക്കി. ഇലക്ട്രോണിക് ഉപകരണങ്ങൾ നഷ്ടമായവർക്ക് നഷ്ടപരിഹാരം നൽകണമെന്ന് ജില്ലാ പഞ്ചായത്തംഗം പി.കെ വൈശാഖ് ആവശ്യപ്പെട്ടു.