പാലാ: 'വായനയെന്നത് മാമരമല്ലോ,
മാനവ ഹൃത്തിൻ വേരല്ലോ ....
വിത്തുകളാകും അക്ഷരമെല്ലാം
ഹൃത്തിൽ മുളയ്ക്കും പൊരുളല്ലോ....... '

ഇന്നലെ വായനാദിനത്തിൽ ആഘോഷങ്ങളുടെ ഭാഗമായി രാമപുരം സെന്റ് അഗസ്റ്റിൻസ് ഹൈസ്‌കൂളിലും സമീപത്തെ സ്‌കൂളുകളിലും ഉയർന്നുകേട്ട അക്ഷര മന്ത്രങ്ങളുടെ കാവ്യ കല്പനയാണിത്. രചനയും ആലാപനവും നിർവ്വഹിച്ചത് സെന്റ് അഗസ്റ്റിൻസ് ഹൈസ്‌കൂളിലെ മലയാളം അദ്ധ്യാപിക ബി.മിനിമോൾ. ആലാപനശൈലികൊണ്ടും ശബ്ദസൗകുമാര്യംകൊണ്ടും കുട്ടികളേയും അദ്ധ്യാപകരേയും മാതാപിതാക്കളെയും ഒരുപോലെ ആകർഷിച്ചു ഈ കൊച്ചുകവിത. 'വായനയെന്ന നന്മമരം'' എന്ന് പേരിട്ട കവിത സെന്റ് അഗസ്റ്റിൻസ് സ്കൂളിലെ ഹെഡ്മാസ്റ്റർ സാബു ജോർജിന്റെ സ്‌നേഹ നിർദ്ദേശങ്ങളാൽ കുറിച്ചതാണ്. മിനിടീച്ചർ തന്നെയാണിത് മനോഹരമായി ആലപിച്ച് റിക്കാർഡ് ചെയ്ത് സ്‌കൂളിലെ കുട്ടികളുടെ വാട്‌സ് അപ്
ഗ്രൂപ്പിലിട്ടത്. സ്കൂളുകളിൽ വായന ദിനാഘോഷ പരിപാടികൾക്ക് മുന്നോടിയായുള്ള പ്രാർത്ഥനാ മന്ത്രമായി ഉയർന്നത് മിനി ടീച്ചറുടെ ഈ കവിതയാണ്.

മരങ്ങാട്ടുപിള്ളി ഇല്ലിക്കൽ ചിറ്റടിയിൽ കുടുംബാംഗമായ ബി. മിനിമോൾ ഇതിനോടകം ഇരുനൂറോളം കവിതകളെഴുതിയിട്ടുണ്ട്. കുഞ്ഞുണ്ണിക്കവിതകളുടെ സ്വാധീനത്താൽ കുറിച്ച കൊച്ചുകൊച്ചുകവിതകളാണെല്ലാം. ഇവ കോർത്തുകെട്ടി ഒരു പുസ്തകം പ്രസിദ്ധീകരിക്കാനുള്ള
ഒരുക്കത്തിലാണ് ടീച്ചർ. സ്‌കൂൾകോളേജ് പഠനകാലത്ത് കവിതാ രചനയിലും കവിതാ പാരായണത്തിലും കഥാപ്രസംഗത്തിലും ഒട്ടേറെ പുരസ്‌ക്കാരങ്ങൾ മിനിമോൾക്ക് ലഭിച്ചിട്ടുണ്ട്. അടുത്തിടെ പാലാ രൂപതാ കോർപ്പറേറ്റ് നടത്തിയ കവിതാ മത്സരത്തിലും സമ്മാനാർഹയായിരുന്നു. ഇല്ലിക്കലിലെ എബിൻ സൗണ്ട്‌സ് ഉടമയായ ഭർത്താവ് തങ്കച്ചനും സൗണ്ട് എൻജിനീയറായ മൂത്തമകൻ എബിനും കുമരകത്തെ ഫൈവ് സ്റ്റാർ ഹോട്ടലിലെ ഉദ്യോഗസ്ഥനായ ഇളയമകൻ ജയിനും മിനിമോളുടെ കാവ്യ സപര്യയ്ക്ക് എന്നും കൂട്ടാണ്. മിനിടീച്ചറെ പാലാ രൂപതാ കോർപ്പറേറ്റ് മാനേജർ റവ.ഫാ.ബർക്കുമാൻസ് കുന്നുംപുറം,സ്‌കൂൾ മാനേജർ റവ.ഡോ.ജോർജ് വർഗീസ് ഞാറക്കുന്നേൽ, ഹെഡ്മാസ്റ്റർ സാബു ജോർജ്,പി.ടി.എ പ്രസിഡന്റ് സിബി മണ്ണാപറമ്പിൽ തുടങ്ങിയവർ അഭിനന്ദിച്ചു.