പാലാ: എസ്.ഐയുടെ തലയ്ക്കടിച്ച കേസിൽ പൊലീസുകാരൻ റിമാൻഡിൽ. പാലാ ഹൈവേ പടട്രോളിംഗ് യൂണിറ്റിലെ എസ്.ഐ ടി.എം. ബേബിയെ മർദ്ദിച്ച കേസിൽ കളമശേരി എ.ആർ ക്യാമ്പിലെ സിവിൽ പൊലീസ് ഓഫീസർ തൊടുപുഴ മൂലക്കാട്ട് കുന്നത്താനിക്കൽ രാജേഷ്(37) ആണ് പിടിയിലായത്. സംഭവവുമായി ബന്ധപ്പെട്ട് ഇയാളെ സസ്‌പെൻഡ് ചെയ്തു. കഴിഞ്ഞ ദിവസം രാത്രി എട്ടരയോടെ പാലാ മുരിക്കുംപുഴ കരിമ്പത്തിക്കണ്ടം
ഭാഗത്ത് റോഡിൽ ചിലർ മദ്യപിച്ച് ബഹളം വയ്ക്കുന്നതായി പരിസരവാസികൾ പാലാ പൊലീസ് സ്‌റ്റേഷനിൽ അറിയിച്ചതിനെ തുടർന്നാണ് എസ്.ഐ ബേബിയും സംഘവും സ്ഥലത്തെത്തിയത്. പൊലീസിനെ കണ്ടപാടെ മറ്റുള്ളവർ ഓടിമറഞ്ഞെങ്കിലും മദ്യപസംഘത്തിലുണ്ടായിരുന്ന
രാജേഷ് അസഭ്യം പറഞ്ഞുകൊണ്ട് എസ്.ഐയ്ക്ക് നേരെ പാഞ്ഞടുക്കുകയും തലയിലും കൈയിലും ആഞ്ഞടിക്കുകയുമായിരുന്നു.
അടിയേറ്റ് എസ്.ഐ ബേബി തെറിച്ചുവീണു. ഒപ്പമുണ്ടായിരുന്ന പൊലീസുകാർ പാലാ സ്റ്റേഷനിൽ വിവരമറിയിച്ചതിനെത്തുടർന്ന് കൂടുതൽ പൊലീസെത്തി മൽപ്പിടുത്തത്തിലൂടെയാണ് രാജേഷിനെ കീഴടക്കിയത്. പരിക്കേറ്റ എസ്.ഐ പാലാ ജനറൽ ആശുപത്രിയിൽ ചികത്സ തേടി.
രാജേഷിനെ പാലാ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.