കട്ടപ്പന: ഉദ്യോഗസ്ഥർ ഉത്തരവ് ലംഘിച്ചാൽ സർക്കാരിന് ഉത്തരവാദിത്വമില്ലെന്നുള്ള കാനം രാജേന്ദ്രന്റെ വാദം അന്യായമാണെന്ന് ചെറുകിട കർഷക ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് വൈ.സി. സ്റ്റീഫൻ. കർഷകരെ മറയാക്കി രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും ഇടുക്കിയിൽ നടത്തിയ സംഘടിത വനം കൊള്ളയെക്കുറിച്ച് ജുഡീഷ്യൽ അന്വേഷണം നടത്തണം. പട്ടയഭൂമിയിലെ മരം മുറിക്കാൻ അനുമതി നൽകണമെന്നുള്ള കർഷകരുടെ ആവശ്യം പരിഗണിച്ചാണ് സർക്കാർ അനുവാദം നൽകിയത്. ഈ ഉത്തരവ് മുൻനിർത്തിയാണ് ഉദ്യോഗസ്ഥരെ കൂട്ടുപിടിച്ച് ചില മാഫിയ സംഘങ്ങൾ സംഘടിത വനം കൊള്ള ആരംഭിച്ചത്. പരാതിയെ തുടർന്ന് സർക്കാർ ഉത്തരവ് പിൻവലിച്ചതോടെ പ്രതിസന്ധിയിലായത് ജില്ലയിലെ കർഷകരാണ്.
റോഡ് നിർമാണത്തിന്റെ പേരിലും അല്ലാതെയും ചിന്നക്കനാൽ, കൊന്നത്തടി, അടിമാലി, പീരുമേട്, ഉടുമ്പൻചോല ഉൾപ്പെടെ വിവിധ റേഞ്ചുകളിൽ നടത്തിയ വനം കൊള്ളയിൽ നിന്നു സർക്കാരിന് ഒഴിഞ്ഞുമാറാനാകില്ല. കർഷകർക്ക് അനുകൂലമായ ഉത്തരവ് പുനസ്ഥാപിക്കണം. കൊള്ള സംബന്ധിച്ച് ജുഡീഷ്യൽ അന്വേഷണം വേണമെന്നും വൈ.സി. സ്റ്റീഫൻ ആവശ്യപ്പെട്ടു.