കട്ടപ്പന: ജില്ലയിലെ ഭൂപ്രശ്‌നങ്ങൾ വീണ്ടും സർക്കാരിന്റെ ശ്രദ്ധയിൽപെടുത്തി ഹൈറേഞ്ച് സംരക്ഷണ സമിതി. അവശേഷിക്കുന്ന സങ്കീർണമായ വിഷയങ്ങളിൽ അടിയന്തര പരിഹാരം ഉണ്ടാകണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ കെ. രാജൻ, റോഷി അഗസ്റ്റിൻ, എ.കെ. ശശീന്ദ്രൻ, സി.പി.എം. സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ, മുൻ സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ തുടങ്ങിയവർക്ക് നിവേദനം നൽകി.
പട്ടയഭൂമിയിലെ നിർമാണ നിരോധന ഉത്തരവും തുടർന്നുള്ള കോടതിയിലെ കേസുകളും ജനങ്ങളിൽ ആശങ്കയും അരക്ഷിതാവസ്ഥയും സൃഷ്ടിച്ചു. ഇതിന് നിയമ ഭേദഗതി ഉണ്ടാകണം. നിരവധി പേർക്ക് ഇനിയും പട്ടയം ലഭിക്കാനുണ്ട്. മൂന്ന് ചങ്ങല, സെറ്റിൽമെന്റ്, ഏലം കൃഷി എന്നിങ്ങനെ രേഖപ്പെടുത്തിയ പ്രദേശങ്ങൾ, ഷോപ്പ്‌സ് സൈറ്റുകൾ തുടങ്ങിയവയെല്ലാം പട്ടയത്തിനായി പരിഗണിക്കണം.
കല്ലാർകുട്ടി, പൊയ്മുടി, തോപ്രാംകുടി, കുഞ്ചിത്തണ്ണി, കഞ്ഞിക്കുഴി, വാഴത്തോപ്പ് തുടങ്ങിയ പ്രദേശങ്ങളിൽ നിരവധി പേർക്ക് പട്ടയം ലഭിക്കാനുണ്ട്. ആരാധനാലയങ്ങൾക്കും കുത്തകപ്പാട്ട ഭൂമിയിലെ നാലേക്കർ വരെയും പട്ടയം നൽകണം.
വനപാലകരും കർഷകരും തമ്മിലുള്ള സംഘർഷങ്ങൾ കൂടിവരുന്ന പശ്ചാത്തലത്തിൽ പ്രശ്‌ന ബാധിത മേഖലകളിൽ വനം വകുപ്പ് ഏകപക്ഷീയ നിലപാട് സ്വീകരിക്കരുത്. വിവിധ വകുപ്പ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ചേരുന്ന സമിതിയുടെ നിലപാട് അംഗീകരിക്കണം. വനമേഖല കൃഷിയിടങ്ങളിലേക്ക് വ്യാപിപ്പിക്കുന്ന പദ്ധതികൾ ഒഴിവാക്കണം. വന്യജീവി ആക്രമണത്തിൽ നാശമുണ്ടായവർക്ക് നഷ്ടപരിഹാരം നൽകണം.
പട്ടയ ഭൂമിയിലെ ചന്ദനം ഒഴികെയുള്ള മരങ്ങൾ മുറിക്കാൻ കർഷകർക്ക് അനുമതി നൽകി ഇറക്കിയ ഉത്തരവിനെ തുടർന്ന് ചില വിവാദങ്ങൾ ഉണ്ടായിരുന്നു. എന്നാൽ കർഷകർക്ക് അത് സ്ഥാപിച്ചുകിട്ടിയ അവകാശമാണ്. ഇക്കാര്യത്തിൽ സർക്കാർ പിന്നാക്കം പോകരുത്. എന്നാൽ ഉത്തരവ് ദുരുപയോഗം ചെയ്ത് അഴിമതി നടത്തിയിട്ടുണ്ടെങ്കിൽ അവർക്കെതിരെ നടപടി സ്വീകരിക്കണം.
ഇടുക്കിയുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് പ്രഖ്യാപിച്ച 12000 കോടിയുടെ ഇടുക്കി പാക്കേജ് ഫലപ്രദമായി നടപ്പാക്കണം. നടത്തിപ്പിനായി ഓഫീസ് തുറന്ന് സ്‌പെഷ്യൽ ഓഫീസറെയും നിയമിക്കണം. സമിതി ജനറൽ കൺവീനർ ഫാ. സെബാസ്റ്റ്യൻ കൊച്ചുപുരയ്ക്കൽ, രക്ഷാധികാരി ആർ. മണിക്കുട്ടൻ, മുൻ എം.പിയും നിയമോപദേഷ്ടാവുമായ അഡ്വ. ജോയ്‌സ് ജോർജ് എന്നിവരാണ് നിവേദനം നൽകിയത്. വിഷയത്തിൽ ഉടൻ നടപടി ഉണ്ടാകുമെന്ന് ഉറപ്പുലഭിച്ചതായി നേതാക്കൾ അറിയിച്ചു.