പാലാ: തൊടുപുഴ ഹൈവേയിലെ പയപ്പാറിലെ കൊടും വളവ് നാട്ടുകാർക്കും വാഹനയാത്രക്കാർക്കും ഇപ്പോൾ പേടിസ്വപ്നമാണ്. കഴിഞ്ഞദിവസമുണ്ടായ അപകടത്തിൽ ലോറി ഡ്രൈവറുടെ ജീവൻ പൊലിഞ്ഞതോടെ ഇവിടെ യാത്രക്കാരുടെ സുരക്ഷ തന്നെ ചോദ്യം ചെയ്യപ്പെടുകയാണ്. പാലാ - തൊടുപുഴ റൂട്ടിലെ പയപ്പാറിലെ കൊടും വളവ് വളരെ വിശാലമാണ്. നാലു ബസുകൾക്ക് ഒരേസമയം ഓടാവുന്നതിനേക്കാൾ വീതിയുമുണ്ട് ഇവിടെ. എന്നാൽ പ്രവിത്താനം ഭാഗത്ത് നിന്നുള്ള വാഹനങ്ങൾ ഇറക്കമിറങ്ങി കുത്തുവളവ് തിരിഞ്ഞുവരുമ്പോൾ നിയന്ത്രണം വിടാനുള്ള സാധ്യതയേറെയാണ്. പ്രത്യേകിച്ചും ഭാരവാഹനങ്ങൾ. ഇവിടെ റോഡിന്റെ നടുവശം ഇടത്തേയ്ക്ക് കുഴിഞ്ഞ് ചെരിഞ്ഞ നിലയിലാണ്. വലിയ വാഹനങ്ങൾ വീശിയെടുക്കുമ്പോൾ വലത്തേയ്ക്ക് പരിധി വിട്ട് ചെരിയുകയും സൂക്ഷിച്ചില്ലെങ്കിൽ നിയന്ത്രണം നഷ്ടമാവുകയും ചെയ്യും. വഴി പരിചയമില്ലാത്ത ഡ്രൈവർമാരാണെങ്കിൽ പറയുകയും വേണ്ട.
കഴിഞ്ഞദിവസം പച്ചക്കറി ലോഡുമായെത്തിയ ലോറി നിയന്ത്രണം വിട്ട് വെയിറ്റിംഗ് ഷെഡും തകർത്താണ് മറിഞ്ഞത്. രണ്ടു മാസം മുമ്പ് ഇവിടെ ലോറി പാഞ്ഞുകയറി റോഡിനോടു ചേർന്നുള്ള വീടിന്റെ മതിൽ തകർത്തിരുന്നു. ഇരുചക്രവാഹനങ്ങളും ഈ വളവിൽ തുടരെ അപകടത്തിൽപ്പെടുന്നുണ്ടെന്ന് പരിസരവാസികൾ പറയുന്നു.കൊടും വളവിനോടു ചേർന്നാണ് അന്ത്യാളം രാമപുരം ഭാഗത്തേയ്ക്കുള്ള റോഡിന്റേയും ആരംഭം. ഈ റോഡ് വഴി എത്തുന്ന വാഹനങ്ങൾ ഇവിടെയുള്ള ചെറിയ കയറ്റം വേഗതയിൽ കയറിയാണ് ഹൈവേയിലേക്ക് പ്രവേശിക്കുന്നത്. ഇതേ സമയം ഹൈവേയിലൂടെ വളരെ വേഗതയിൽ വാഹനങ്ങൾ എത്തുകകൂടി ചെയ്യുന്നതോടെ ഇവിടം അപകടമേഖലയാകും.
ഡിവൈഡർ സ്ഥാപിക്കണം
വിശാലമായ റോഡിനെ രണ്ടായി തിരിച്ച് ഇരുനൂറ് മീറ്ററോളമെങ്കിലും ദൂരത്തിൽ ഡിവൈഡർ സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. അപകട സൂചക ബോർഡുകളും ഇവിടെ സ്ഥാപിച്ചിട്ടില്ല. ഈ മേഖലയിൽ ആവശ്യത്തിനു വെളിച്ചമില്ലാത്തതും രാത്രി കാല യാത്രക്കാരെ വലയ്ക്കുന്നുണ്ട്. ഇവിടെ റോഡ് നിർമ്മാണം അശാസ്ത്രീയമായാണെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്.