kobgokul

പാമ്പാടി : കൊവിഡിനോടും വൃക്കരോഗത്തോടും പൊരുതി തന്റെ കൺമണിയെ ഒരുനോക്ക് കാണാനാകാതെ ഗോകുൽ യാത്രയായി. പങ്ങട മുണ്ടയ്ക്കൽ രാജന്റെ മകൻ ആർ.ഗോകുൽ ( 29) ആണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെ മരണത്തിന് കീഴടങ്ങിയത്. ആറ് ദിവസം മുമ്പ് കൊവിഡ് നെഗറ്റീവ് ആയതോടെ ഗോകുൽ ജീവിതത്തിലേക്ക് മടങ്ങി എത്തുമെന്നായിരുന്നു കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും പ്രതീക്ഷകൾ. മൂന്നാഴ്ച മുമ്പായിരുന്നു ഗോകുലിന്റെ ഭാര്യ രേഷ്മ രാജൻ കുഞ്ഞിന് ജന്മം നൽകിയത്. കിഡ്‌നി രോഗത്തെ തുടർന്ന് 2013 ൽ ഗോകുലിന്റെ വൃക്ക മാറ്റിവച്ചിരുന്നു. പുറ്റടിയിൽ സ്വകാര്യ കോളജിൽ ലൈബ്രേറിയൻ ആയി ജോലി ചെയ്യുകയായിരുന്നു. ഇതിനിടെ 2020 ലാണ് വീണ്ടും വൃക്കരോഗം ഗോകുലിനെ പിടികൂടിയത്. ഇതിനുള്ള ചികിത്സ നടക്കുന്നതിനിടെയാണ് കൊവിഡും ബാധിച്ചത്. ഇതോടെ നില കൂടുതൽ ഗുരുതരമായി. ശ്വാസകോശത്തെയും രോഗം ബാധിച്ചു. ചികിത്സ ചെലവിനായി വലിയ തുക ആവശ്യമായി വന്നതോടെ നാട്ടുകാരും സുഹൃത്തുക്കളും സഹായസമിതി രൂപീകരിച്ചിരുന്നു. കോട്ടയം ബസേലിയസ് കോളേജ് പൂർവവിദ്യാർത്ഥികളായിരുന്നു ഗോകുലും രേഷ്മയും. മാതാവ് : ശാരദാമ്മ. സഹോദരൻ : രാഹുൽ. ഭാര്യ രേഷ്മ കരുമൂട് കരിക്കടൻ പാക്കൽ കുടുംബാംഗമാണ്. സംസ്കാരം നാളെ രാവിലെ 10 ന് വീട്ടുവളപ്പിൽ.