വൈക്കം : നിർമ്മാണ പ്രവർത്തനങ്ങൾ നിലച്ച നേരേകടവ് - മാക്കേക്കടവ് പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പുന:രാംഭിക്കുന്നതുമായി ബന്ധപ്പെട്ട് സ്ഥിതിഗതികൾ വിലയിരുത്താൻ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് സ്ഥലം സന്ദർശിക്കും. പെരുമ്പളം പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്താൻ എത്തുന്ന മന്ത്രി വിനോദസഞ്ചാര വികസനം കൂടി മുൻനിറുത്തി കമനീയമായി നിർമ്മിക്കുന്നതിന് വിഭാവനം ചെയ്ത കായൽ പാലത്തിന്റെ നിർമ്മാണത്തിലെ തടസങ്ങൾ നീക്കി പുന:രാരംഭിക്കാൻ വേണ്ട നടപടികൾക്കായാണ് സ്ഥലം സന്ദർശിക്കുന്നത്. തുറവൂർ - പമ്പ ഹൈവേയുടെ ഭാഗമായ രണ്ടാമത്തെ പാലമാണ് നേരേകടവ് മാക്കേക്കടവ് ഫെറിയിൽ നിർമ്മിക്കുന്നത്. 98.9 കോടി രൂപ വിനിയോഗിച്ചാണ് 750 മീറ്റർ നീളത്തിൽ പാലം നിർമ്മിക്കുന്നത്. മൂന്ന് വർഷം മുമ്പ് നിർമ്മാണമാരംഭച്ച പാലത്തിന്റെ നിർമ്മാണം 80 ശതമാനത്തോളം പൂർത്തിയായപ്പോഴാണ് സമീപ റോഡിനായി സ്ഥലമേറ്റെടുക്കുന്നതിനെ ചൊല്ലിയുള്ള തർക്കം തിരിച്ചടിയായത്. വൈക്കം ഉദയനാപുരം പഞ്ചായത്തിലെ നേരേകടവിൽ മൂന്നു സർവേ നമ്പറുകളിലായി 8.27 ആർ സ്ഥലവും ചേർത്തല മാക്കേക്കടവിൽ എട്ട് സർവ്വേ നമ്പറുകളിലായി 12.28 ആർ സ്ഥലവുമാണ് ഏറ്റെടുക്കേണ്ടത്.

നഷ്ടപരിഹാര തുക വിതരണം തുടങ്ങി

നേരേകടവിൽ സ്ഥല ഉടമകൾക്ക് നഷ്ടപരിഹാര തുക നൽകി തുടങ്ങി. മാക്കേക്കടവിലെ സ്ഥല ഉടമകൾക്ക് നഷ്ടപരിഹാര തുക നൽകുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നന്നും അടുത്ത ദിവസം തുക കൈമാറുമെന്നും ചേർത്തല തഹസിൽദാർ പറഞ്ഞു. വൈക്കം, ചേർത്തല താലൂക്കുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പാലം ഇരു താലൂക്കുകളിലേയും ഉൾപ്രദേശങ്ങളുടെ മുഖച്ഛായ മാറ്റുമെന്നും പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ തടസങ്ങൾ നീക്കി പുന:രാരംഭിക്കാൻ നടപടിയെടുക്കണമെന്നും അരൂർ എം.എൽ.എ ദലീമ ജോജോയും മന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.