വൈക്കം: പോളശ്ശേരി ആയുർവേദ ആശുപത്രി റോഡിൽ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു. താലൂക്ക് ആയുർവേദ ആശുപത്രിക്ക് സമീപത്തെ ക്ഷീരസംഘത്തിന് മുന്നിലാണ് ലിറ്റർ കണക്കിന് വെള്ലം പാഴാകുന്നത്. കുടിവെള്ളക്ഷാമം രൂക്ഷമായ കായലോര പ്രദേശത്ത് പൈപ്പ് പൊട്ടി കുടിവെള്ളം റോഡിൽ നിറഞ്ഞ് തോടായി ഒഴുകാൻ തുടങ്ങിയിട്ട് രണ്ട് മാസമായെങ്കിലും പ്രദേശവാസികളുടെ പരാതിയോട് അധികൃതർ മുഖം തിരിക്കുകയാണ്. റോഡിൽ വെള്ളം നിറഞ്ഞതോടെ യാത്രക്കാരും ഏറെ ദുരിതത്തിലാണ്.ഏറെ നാളായി വെള്ളം കെട്ടി നിൽക്കുന്നതിനാൽ ടാറിംഗ് ഇളകി റോഡിൽ വലിയ കുഴികൾ രൂപപ്പെട്ടു. ക്ഷീരസംഘത്തിൽ എത്തുന്നവർ വെള്ളം നീന്തി കയറിയാണെത്തുന്നത്. ആയുർവേദ ആശുപത്രി, കോവിലകത്തുംകടവ് മത്സ്യ മാർക്കറ്റ്, പോളശ്ശേരി ക്ഷേത്രം, നടേൽപള്ളി എന്നിവിടങ്ങളിലേക്ക് പോകുന്നതിന് ആശ്രയിക്കുന്ന പ്രധാന നിരത്താണിത്.