പാലാ : രാമപുരം ഗവ. ആശുപത്രിയിൽ കൊവിഡ് വാക്‌സിൻ വിതരണം അട്ടിമറിക്കുകയാണെന്ന് ആരോപിച്ച് ഇന്ന് ബി.ജെ.പി സമരം നടത്തും. ആശുപത്രി ഭരണനേതൃത്വത്തിന്റെ പക്ഷപാതപരമായ ഇടപെടലുകളും, ആരോഗ്യവിഭാഗത്തിലെ ചില ഉദ്യോഗസ്ഥരുടെ അനാസ്ഥയും അർഹതപ്പെട്ടവർക്ക് വാക്‌സിൻ ലഭിക്കുന്നതിന് തടസ്സമാകുന്നുവെന്നാണ് ബി.ജെ.പി.യുടെ പരാതി. രണ്ടാംഡോസ് വാക്‌സിൻ എടുക്കാൻ 82 ദിവസം മതിയെന്ന് ഇരിക്കെ നൂറ് ദിവസം കഴിഞ്ഞവർക്കും, എൺപതും തൊണ്ണൂറും വയസ് പ്രായമായവർക്കും വാക്‌സിൻ ലഭിക്കുന്നില്ല. പല പ്രാവശ്യം ജനങ്ങൾ വാക്‌സിനായെത്തി നിരാശയോടെ മടങ്ങുകയാണ്. വാക്‌സിൻ വിതരണത്തിന്റെ ചുമതലയുള്ള ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥനോട് ഇതിനെപ്പറ്റി അന്വേഷിപ്പോൾ മിച്ചം വരുന്ന വാക്‌സിൻ നശിപ്പിച്ച് കളഞ്ഞെന്ന ധാർഷ്ട്യം നിറഞ്ഞ പ്രതികരണമാണ് ഉണ്ടായതെന്ന് ബി.ജെ.പി നേതാക്കൾ കുറ്റപ്പെടുത്തുന്നു. ആദ്യഘട്ടമായി പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ കവിതാ മനോജിന്റെയും, ബി.ജെ.പി മെമ്പർമാരായ രജി ജയന്റേയും സുശീലാ കുമാരിയുടെയും നേതൃത്വത്തിൽ മെഡിക്കൽ ഓഫീസറുടെ മുറിയ്ക്ക് മുൻപിൽ ഇന്ന് രാവിലെ 10 മുതൽ പ്രധിഷേധ ധർണ നടത്തുമെന്ന് ബി.ജെ.പി രാമപുരം പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ജയൻ കരുണാകരൻ അറിയിച്ചു.
അതേസമയം സമരം നടത്തുന്നതുമായി ബന്ധപ്പെട്ട് നോട്ടീസൊന്നും നൽകിയിട്ടില്ലെന്ന് രാമപുരം ഗവ. ആശുപത്രി മെഡിക്കൽ ഓഫീസർ ഡോ.സുകുമാരൻ പറഞ്ഞു.