പാലാ : തെരുവ് നായ റോഡിനു കുറകെ ചാടിയതിനെ തുടർന്ന് ബൈക്ക് മറിഞ്ഞ് ദമ്പതികൾക്ക് പരിക്ക്. പരിക്കേറ്റ് കൊട്ടാരമറ്റത്ത് റോഡിൽ കിടന്ന ദമ്പതികളെ ഇതുവഴി എറണാകുളത്തു ആശുപത്രിയിൽ ചികിത്സയ്ക്കായി കാറിൽ പോകുകയായിരുന്ന ദമ്പതികൾ തങ്ങളുടെ കാറിൽ പാലാ ജനറൽ ആശുപത്രിയിൽ എത്തിച്ചു. ലോക്ക് ഡൗൺ മൂലം വാഹനങ്ങൾ വളരെ കുറവായിരുന്ന ശനിയാഴ്ച രാവിലെ 7 നുണ്ടായ അപകടത്തിൽ പടിഞ്ഞാറ്റിൻകര സ്വദേശി കെ. എസ്.ആർ.ടി.സി റിട്ട.കണ്ടക്ടർ ബാബു മാളിയേക്കലിനും (56), പാലാ റിലയൻസ് ജിവനക്കാരിയായ ഭാര്യ ഉമയ്ക്കും (48) ആണ് പരിക്കേറ്റത്. ഉമയെ ജോലിക്കായി കൊണ്ടുവരുമ്പോഴായിരുന്നു അപകടം. ആംആദ്മി പാലാ നിയോജക മണ്ഡലം കൺവീനർ ജയേഷും, ഭാര്യ സോണിയയും ചേർന്നാണ് ഇരുവരെയും ആശുപത്രിയിലെത്തിച്ചത്. തെരുവു നായ്ക്കളെ സംരക്ഷിക്കാൻ ലക്ഷങ്ങൾ മുടുക്കി നഗരസഭ പണിത ഡോഗ് പാർക്ക് നോക്കുകുത്തിയാണെന്നാണ് ആക്ഷേപം.