ചങ്ങനാശേരി : എസ്.ബി കോളജിന്റെ നൂറാമത് സ്ഥാപകദിനാഘോഷത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളനം ഇന്ന് ഉന്നത വിദ്യാഭ്യാസവകുപ്പ് മന്ത്രി ഡോ.ആർ.ബിന്ദു ഉദ്ഘാടനം ചെയ്യും. ഇന്ന് ഉച്ചകഴിഞ്ഞ് 2.30 ന് ചാൾസ് ലവീഞ്ഞ് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന സമ്മേളനത്തിൽ ചങ്ങനാശേരി അതിരൂപത മെത്രാപ്പോലീത്തയും കോളേജ് രക്ഷാധികാരിയുമായ മാർ ജോസഫ് പെരുന്തോട്ടം അദ്ധ്യക്ഷത വഹിക്കും. മന്ത്രി വി.എൻ.വാസവൻ ശതാബ്ദി ലോഗോ പ്രകാശനം ചെയ്യും. ചങ്ങനാശേരി അതിരൂപത സഹായമെത്രാൻ മാർ തോമസ് തറയിൽ അനുഗ്രഹ പ്രഭാഷണവും ശതാബ്ദി സ്മാരകമായി ഏർപ്പെടുത്തിയിട്ടുള്ള 100 സ്‌കോളർഷിപ്പുകളുടെ വിതരണവും നിർവഹിക്കും. കോളജ് രൂപകല്പന ചെയ്ത മൊബൈൽ ആപ്ലിക്കേഷൻ കൊടിക്കുന്നിൽ സുരേഷ് എം.പി ഉദ്ഘാടനം ചെയ്യും. ജോബ് മൈക്കിൾ എം.എൽ.എ വാർത്താപത്രികയുടെ പ്രകാശനവും, കാളാശ്ശേരി മെമ്മോറിയൽ സ്‌കോളർഷിപ്പിന്റെ വിതരണവും നിർവഹിക്കും. ഡി.ജി.പി ടോമിൻ തച്ചങ്കരി ചെറിയതുണ്ടം സ്‌കോളർഷിപ്പുകൾ വിതരണം ചെയ്യും. അന്തർ വൈജ്ഞാനിക ഗവേഷണ കേന്ദ്രത്തിന്റെ ഉദ്ഘാടനം കോട്ടയം കോളീജിയേറ്റ് എഡ്യൂക്കേഷൻ ഡെപ്യൂട്ടി ഡയറക്ടർ ആർ.പ്രഗാഷ് നിർവഹിക്കും. മുനിസിപ്പൽ ചെയർപേഴ്‌സൺ സന്ധ്യ മനോജ്, വാർഡ് കൗൺസിലർ ബീനാ ജിജൻ എന്നിവർ പ്രസംഗിക്കും.