bakery

പൊൻകുന്നം: പള്ളിക്കത്തോട്ടില്‍ കോട്ടയം റോഡില്‍ സ്ഥിതി ചെയ്യുന്ന പിടിയഞ്ചേരില്‍ ബോണിയുടെ ഉടമസ്ഥതിയുള്ള ജോയീസ് ബേക്കറിക്ക് തീപിടിച്ചു. 20 ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായതായാണ് പ്രാഥമിക വിലയിരുത്തല്‍. ഇന്നലെ പുലര്‍ച്ചെ ഒരുമണിയോടെ ബേക്കറിയില്‍ നിന്നും തീയും പുകയും ഉയരുന്നതു കണ്ട് സമീപവാസികളാണ് പൊലീസ് സ്റ്റേഷനില്‍ അറിയിച്ചത്. തുടര്‍ന്ന് പൊലീസും പാമ്പാടിയില്‍ നിന്നെത്തിയ അഗ്‌നിശമന സേനയും ചേര്‍ന്ന് തീ അണയ്ക്കുകയായിരുന്നു. ബേക്കറിയുടെ താഴത്തെ നിലയിലാണ് തീപിടിച്ചത്. ഗ്യാസ് സിലണ്ടര്‍ അടക്കമുണ്ടായിരുന്ന മുകളിലത്തെ നിലയിലേക്ക് തീ പടരാതിരുന്നതിനാല്‍ വന്‍ അപകടം ഒഴിവായി. ബേക്കറി ഉല്പന്നങ്ങളും ഫര്‍ണീച്ചറും മേശയിലുണ്ടായിരുന്ന പണവും കത്തിനശിച്ചു. ഷോര്‍ട്ട് സര്‍ക്ക്യൂട്ടാകാം കാരണമെന്ന് കരുതുന്നു. തൊട്ടടുത്ത വ്യാപാര സ്ഥാപനങ്ങളിലേക്ക് തീപടരാതെ കാക്കാനായി. പള്ളിക്കത്തോട് പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. ഫൊറന്‍സിക് വിദഗ്ദ്ധര്‍, കെ.എസ്.ഇ.ബി ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പരിശോധന നടത്തി. 85 വര്‍ഷം മുമ്പ് പള്ളിക്കത്തോട്ടില്‍ പ്രവര്‍ത്തനമാരംഭിച്ചതാണ് ജോയീസ് ബേക്കറി.

ഗവ. ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ്, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ടി.എന്‍. ഗിരീഷ്‌കുമാര്‍, പള്ളിക്കത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആശാ ഗിരീഷ് തുടങ്ങിയവര്‍ സ്ഥലം സന്ദര്‍ശിച്ചു.