road

അടിമാലി: കുരിശുപാറ കോട്ടപ്പാറ കുരങ്ങാട്ടി റോഡിന്റെ നിർമ്മാണ ജോലികൾ പൂർത്തീകരിക്കണമെന്ന ആവശ്യം ശക്തമാകുന്നു.കുരിശുപാറ മേഖലയിൽ നിന്നും എളുപ്പത്തിൽ അടിമാലിയിലേക്കെത്താൻ സഹായിക്കുന്ന പാതയാണിത്. കുരിശുപാറയിൽ നിന്നാരംഭിച്ച് കോട്ടപ്പാറ വഴി കുരങ്ങാട്ടിയിലെത്താൻ കുറഞ്ഞ ദൂരവും ചുരുങ്ങിയ സമയവും മതി.കുരങ്ങാട്ടിയിൽ നിന്നും കുരിശുപാറയിൽ നിന്നും റോഡിന്റെ നിർമ്മാണ ജോലികൾ നടത്തിയിട്ടുണ്ടെങ്കിലും മദ്ധ്യ ഭാഗത്തായുള്ള കുറച്ച് ദൂരം നിർമ്മാണം കാത്ത് കിടക്കുകയാണ്.ഈ ഭാഗത്തെ നിർമ്മാണ ജോലികൾ കൂടി പൂർത്തീകരിച്ച് പാത പൂർണ്ണമായി ഗതാഗതയോഗ്യമാക്കണമെന്ന ആവശ്യമാണ് പ്രദേശവാസികൾ മുമ്പോട്ട് വയ്ക്കുന്നത്.ഏകദേശം ഒന്നരകിലോമീറ്ററോളം വരുന്ന ഭാഗത്ത് കോൺക്രീറ്റ് ജോലികൾ നടത്തിയാൽ ഇതുവഴിയുള്ള യാത്ര പൂർണ്ണമായി സുഗമമാകും.മഴക്കാലമാരംഭിച്ചതോടെ നിർമ്മാണം കാത്ത് കിടക്കുന്ന ഭാഗം ചെളികുണ്ടായി മാറി കഴിഞ്ഞു.കല്ലാർ വഴിയോ പീച്ചാട് പ്ലാമല വഴിയോ ആണ് കുരിശുപാറയിൽ നിന്നും ആളുകൾ നിലവിൽ അടിമാലിയിൽ എത്തുന്നത്.കുരിശുപാറ കോട്ടപ്പാറ കുരങ്ങാട്ടി റോഡ് മുഴുവനായി സഞ്ചാരയോഗ്യമാക്കിയാൽ ചികിത്സാ സംബന്ധമായ ആവശ്യങ്ങൾക്കുൾപ്പെടെ ചുരുങ്ങിയ സമയത്തിനുള്ളിൽ കുരിശുപാറമേഖലയിൽ നിന്നും ആളുകൾക്ക് അടിമാലി ടൗണിലെത്താനാകും.