raghu

ചങ്ങനാശേരി: സംഗീതത്തിലൂടെ യോഗ വ്യത്യസ്തമായ ഫ്യൂഷനുമായി പാത്താമുട്ടം രഘു. അന്താരാഷ്ട്ര യോഗാസംഗീത ദിനത്തോട് അനുബന്ധിച്ച് ദൈവദശകവും യോഗയും സമന്വയിപ്പിച്ച് വ്യത്യസ്തനാകുകയാണ് യുണൈറ്റഡ് റെക്കോഡ് ഫോറത്തിന്റെ ( യു ആർ എഫ്) പുരസ്‌കാര ജേതാവ് കൂടിയായ പി എം രഘു.

സംഗീത പാരമ്പര്യം ഒന്നുമില്ലാത്ത കർഷക കുടുംബത്തിലാണ് ജനനം. അനിൽ കുളങ്ങരയുടെ കീഴിൽ സംഗീതം അഭ്യസിച്ച് 26ാം വയസിലാണ് അരങ്ങേറ്റം കുറിച്ചത്. തുടർന്ന്, പനച്ചിക്കാട് ദേവീക്ഷേത്രം , ചക്കുളത്തുകാവ്, തിരുവനന്തപുരം വൈലോപ്പിള്ളി സംസ്‌കൃതി ഭവൻ തുടങ്ങി അഞ്ഞൂറിൽപ്പരം വേദികളിൽ സംഗീത പരിപാടി അവതരിപ്പിച്ചു. 2008ൽ പാത്താമുട്ടം ശാരദാദേവീ ക്ഷേത്രത്തിൽ 10 മണിക്കൂറും, സചിവോത്തമപുരം മേജർ ശ്രീരാമക്ഷേത്രത്തിൽ 12 മണിക്കൂറും പാക്കിൽ ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിൽ 2011 ൽ 12 മണിക്കൂറും 2013 ൽ 15 മണിക്കൂറും അഖണ്ഡസംഗീതാർച്ചന നടത്തി. 2012 ഡിസംബർ 23ന് പാത്താമുട്ടം എസ് എൻ ഡി പി 27ാം നമ്പർ ശാഖാ ക്ഷേത്രാങ്കണത്തിൽ നിന്നും സംഗീതപദസഞ്ചലനം ആരംഭിച്ച് നഗ്‌നപാദനായി 25 കീലോമീറ്റർ താണ്ടി ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രത്തിലെത്തി. ചങ്ങനാശേരി എസ് എൻ ഡി പി യൂണിയന്റെ ആഭിമുഖ്യത്തിൽ നടന്ന 160ാമത് ശ്രീനാരായണ ദുരുദേവ ജയന്തിയോട് അനുബന്ധിച്ച് ചതയദിനഘോഷയാത്രയിൽ ദൈവദശക ആലാപന സഞ്ചലനം, ചങ്ങനാശേരി, കോട്ടയം എസ് എൻ ഡി പി യൂണിയനുകളുടെ പിന്തുണയോടുകൂടി ദൈവദശകം ദേശീയ പ്രാർത്ഥനയാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ചങ്ങനാശേരി ആനന്ദാശ്രമത്തിൽ നിന്ന് നാഗമ്പടം മഹാദേവ ക്ഷേത്രത്തിലേയ്ക്ക് 26 കിലോമീറ്റർ നഗ്‌നപാദനായി നടന്നുകൊണ്ട് ദൈവദശക ആലാപന പദസഞ്ചലനം, ചങ്ങനാശേരി എസ് എൻ ഡി പി യൂണിയന്റെ 163ാമത് ജയന്തി ആഘോഷത്തോട് അനുബന്ധിച്ച് ഗുരുസ്തവ പദസഞ്ചലനം എന്നിവ നടത്തുകയും, ദൈവദശകത്തിന്റെയും ഗുരുസ്തവത്തിന്റെയും രചനാശതാബ്ദിയോട് അനുബന്ധിച്ച് പൂവൻതുരുത്ത് ഗുരുദേവക്ഷേത്രത്തിൽ 25 മണിക്കൂർ തുടർച്ചയായി ദൈവദശക, ഗുരുസ്തവ അഖണ്ഡാർച്ചന നടത്തി. പാത്താമുട്ടം പുളിമ്പറമ്പിൽ മാധവന്റെയും വത്സമയുടെയും മകനാണ്. ഭാര്യ: ബൈബി. മക്കൾ: അപർണ, അർച്ചന.