bus

കോട്ടയം: ഭക്ഷണം തേടി യാത്രക്കാർ ഇനി പുറത്തുപോകേണ്ടതില്ല. സ്റ്റാൻഡിൽ കിടക്കുന്ന ബസിൽ കയറിയിരുന്നാൽ മാത്രം മതി. ചായയോ, കാപ്പിയോ പലഹാരങ്ങളോ ഓർഡർ ചെയ്താൽ ഉടൻ മുമ്പിൽ എത്തും. ഇതിനായി സംസ്ഥാനത്തെ കെ.എസ്.ആർ.ടി.സി ബസുകൾ സജ്ജമാക്കിത്തുടങ്ങി.

15 വർഷം ഓടിതളർന്ന ബസുകാളാണ് ഇതിനായി ഉപയോഗിക്കുക. ടീ ഷോപ്പും മിൽമബൂത്തും പലഹാരക്കടയുമാണ് പ്രത്യേകം വിഭാവനം ചെയ്ത ബസുകളിൽ ലഭിക്കുക. പഴയ ബസുകൾ വാടകക്ക് നല്കിയാവും പുതിയ പദ്ധതി നടപ്പിലാക്കുക. കോട്ടയത്ത് ഒരു ബസ് ഇങ്ങനെ രൂപമാറ്റം നടത്തിക്കൊണ്ടിരിക്കയാണ്. കോട്ടയം ഡിപ്പോയിൽ അടുത്തമാസം ബസ് റസ്റ്റോറന്റ് തുടങ്ങും.

രണ്ട് ലക്ഷം രൂപ കെ.എസ്.ആർ.ടി.സിയിൽ കെട്ടി വച്ച് മാസം ഇരുപതിനായിരം രൂപ വാടകയ്ക്കാണ് സ്വകാര്യ വ്യക്തികൾക്ക് വ്യാപാരത്തിന് പഴയ ബസുകൾ കരാർ പ്രകാരം വിട്ടുനൽകുക. 15 വർഷം പഴക്കം ചെന്ന ബസുകൾ പൊളിച്ചു മാറ്റുമ്പോൾ അതിൽ ഓട്ടത്തിന് പാകമായവ വിവിധ ഡിപ്പോകളിൽ കടകൾക്ക് നൽകി വരുമാനമുണ്ടാക്കാനാണ് കെ.എസ്.ആർ.ടി.സി ലക്ഷ്യമിടുന്നത്.

പദ്ധതികൾ പലതുണ്ട്

ഫ്രീസർ സംവിധാനത്തോടെ മീൻ കടകൾ,​ സ്റ്റേഷനറി,​ നോട്ട് ബുക്കുകൾ,​ വസ്ത്രവ്യാപാരം,​ അലങ്കാരസാധനങ്ങൾ എന്നിവയ്ക്കൊക്കെ ബസുകൾ നൽകാനാണ് ആലോചന. ഡിപ്പോയുടെ നിയന്ത്രണത്തിൽ നഗരത്തിന്റെ വിവിധ പ്രദേശങ്ങളിൽ ബസുകൾ പാർക്ക് ചെയ്ത് വ്യാപാരം നടത്തി അതതുദിവസം തിരികെ ഏൽപ്പിക്കുകയും ചെയ്യാം. തട്ടുകട ആവശ്യങ്ങൾക്കും പഴയ ബസുകൾ നൽകുന്നത് കോർപ്പറേഷന്റെ പരിഗണനയിലുണ്ട്.

സൗകര്യമനുസരിച്ച് ഈ സ്ഥലങ്ങളിൽ പഴയ ബസുകളിൽ വ്യാപാരം നടത്താനുള്ള ആലോചനയിലാണ് അധികൃതർ. കുറഞ്ഞത് അഞ്ച് ബസുകൾ ഇത്തരത്തിൽ പാർക്ക് ചെയ്ത് വ്യാപാരം നടത്താനുള്ള സൗകര്യം പ്രധാന ഡിപ്പോകളിൽ ഉറപ്പാക്കും. ജില്ലയിലെ വിവിധ ഡിപ്പോകളിൽ അധികമായുണ്ടായിരുന്ന 117 ബസുകൾ തിരികെ എടുത്ത് റീജണൽ വർക്ക് ഷോപ്പുകളിലേക്ക് മാറ്റിയിരുന്നു. തീരുവനന്തപുരം,​ കോഴിക്കോട് എന്നിവിടങ്ങളിലേക്ക് അധിക ബസുകൾ മാറ്റിയതോടെ പല ഡിപ്പോകളിലും കൂടുലായി സ്ഥലസൗകര്യം ലഭിച്ചിട്ടുണ്ട്.ടൗണിൽ നിന്ന് മാറിയുള്ള ഡിപ്പോകളിൽ വിവിധ ഭാഗങ്ങളിൽ ബസുകൾ എത്തിച്ച് വ്യാപാരം നടത്തുന്നതിന് അനുമതി നൽകിയേക്കുമെന്നറിയുന്നു.