കോട്ടയം: രണ്ടു വർഷം മുൻപ് മാത്രം നിർമ്മാണം പൂർത്തിയാക്കിയ നാഗമ്പടം റെയിൽവേ മേൽപ്പാലത്തിൽ പലയിടത്തും കുഴികൾ. നേരത്തെ അപ്രോച്ച് റോഡ് ഇരുത്തിപ്പോയതിനെ തുടർന്നു ഒരു മാസം മുൻപ് പാലത്തിൽ വീണ്ടും ടാറിംഗ് നടത്തിയിരുന്നു. ഇതിനു സമീപത്താണ് ഇപ്പോൾ റോഡിൽ വിള്ളൽ രൂപപ്പെട്ടിരിക്കുന്നത്. 2019 ലാണ് നാഗമ്പടം റെയിൽവേ മേൽപ്പാലം ഗതാഗതത്തിനായി തുറന്നുനൽകിയത്. മേൽപ്പാലത്തിന്റെ അപ്രോച്ച് റോഡിലെ തകരാറുകൾ അന്നുതന്നെ പരാതിയ്ക്ക് ഇടയാക്കിയിരുന്നു. പാലത്തിൻ്റെ ഗർഡർ ഭാഗവും അപ്രോച്ച് റോഡും തമ്മിൽ ചേരുന്ന സ്ഥലത്ത് അകൽച്ചയുണ്ടായിരുന്നു. ഗർഡർ ഭാഗത്തു നിന്നും അപ്രോച്ച് റോഡിലേയ്‌ക്കിറങ്ങുന്ന ഭാഗത്ത് വിടവ് കൂടുതലായത് ഇരുചക്ര വാഹന യാത്രക്കാരെ പലപ്പോഴും അപകടത്തിലേയ്ക്ക് തള്ളിവിട്ടിരുന്നു. ഇതേതുടർന്ന് രണ്ടു വർഷത്തിനിടെ മൂന്നു തവണയാണ് റോഡ് ടാർ ചെയ്തത്. ഏറ്റവും ഒടുവിൽ ഒരു മാസം മുൻപ് റോഡ് വീണ്ടും ടാർ ചെയ്യുകയായിരുന്നു. എന്നാൽ, പാലത്തിന്റെ മധ്യഭാഗത്ത് കോൺക്രീറ്റിൽ കുഴികൾ രൂപപ്പെട്ടിട്ടുണ്ട്. ഈ കുഴികൾ ഓരോ ദിവസവും വാഹനങ്ങൾ കടന്നുപോകുമ്പോൾ വലുതാകുകയാണ്. എന്നാൽ, ഇതുവരെയും ഈ കുഴികൾ കോൺക്രീറ്റ് ചെയ്‌ത് അടയ്‌ക്കാൻ അധികൃതർ നടപടി സ്വീകരിക്കുന്നില്ല. ഇതു കൂടാതെയാണ് നാഗമ്പടം റെയിൽവേ മേൽപ്പാലത്തിൽ നിന്നും നാഗമ്പടം പാലത്തിലേയ്‌ക്കുള്ള വഴിയിൽ അപ്രോച്ച് റോഡിന്റെ ഭാഗം വിണ്ടുകീറിയിരിക്കുന്നത്. പാലത്തിന്റെ അപ്രോച്ച് റോഡിനായി സ്ഥലം മണ്ണിട്ട് ഉയർത്തിയിരുന്നു. മണ്ണിട്ടുയർത്തിയ സ്ഥലം മതിയായ രീതിയിൽ ഉറപ്പിക്കാതിരുന്നതിനെ തുടർന്നാണ് റോഡ് വിണ്ടു കീറിയതെന്നാണ് ആരോപണം ഉയരുന്നത്.
നിർമ്മാണം അശാസ്ത്രീയം
കാൽനൂറ്റാണ്ടിലേറെ പഴക്കമുണ്ടായിരുന്ന നാഗമ്പടത്തെ പഴയ മേൽപ്പാലം ബോംബ് വച്ചിട്ടു പോലും തകർക്കാൻ സാധിച്ചിരുന്നില്ല. എന്നാൽ പുതിയ മേൽപ്പാലം നിർമ്മാണത്തിന്റെ ആദ്യ ഘട്ടം മുതൽ തന്നെ ആരോപണം ഉയർന്നിരുന്നു. പാലം നിർമ്മിക്കുന്നതിൽ പിഴവുണ്ടായിട്ടുണ്ടെന്നായിരുന്നു ആരോപണം. ഇത് ശരിവയ്‌ക്കുന്ന കാഴ്‌ചകളാണ് ഇപ്പോൾ കാണുന്നത്.
മുന്നിറിയിപ്പ് നൽകിയിരുന്നു
റോഡ് തകരുന്നത് സംബന്ധിച്ചു നേരത്തെ തന്നെ അധികൃതർക്ക് പരാതി അയച്ചിരുന്നു. ജില്ലാ കളക്‌ടർക്കും കെ.എസ്.ടി.പി അധികൃതർക്കും വിഷയത്തിൽ പരാതി അയച്ചിട്ടുണ്ട്.
ജോർജ്,പ്രദേശവാസി