കോട്ടയം: കൊവിഡ് ലോക്ക് ഡൗണിൽ ഇളവ് അനുവദിച്ച സാഹചര്യത്തിൽ സാധനങ്ങൾ വാങ്ങാൻ ആളുകൾ കൂട്ടത്തോടെ മിലട്ടറി ക്യാന്റീനിൽ എത്തിയതോടെ മൂലേടം മേൽപ്പാലം ജംഗ്ഷനിൽ വൻ ഗതാഗതക്കുരുക്ക്. വിമുക്ത ഭടന്മാർക്ക് ഉൾപ്പെടെ അവശ്യ സാധനങ്ങൾ ലഭ്യമാകുന്ന ക്യാന്റീനാണ് മൂലേടത്തേത്. മൂലേടം മേൽപ്പാലത്തിനു സമീപത്തു കൂടിയുള്ള രണ്ടു വഴികൾ വഴി ക്യാന്റിനേലേയ്ക്ക് പോകാം. എന്നാൽ, പാലത്തിന്റെ ഒരു വശത്തുകൂടിയുള്ള വഴി മാത്രമാണ് വിദൂര സ്ഥലങ്ങളിൽ നിന്നും എത്തുന്നവർക്ക് അറിയുന്നത്. അതുകൊണ്ടു തന്നെ ഇടുങ്ങിയ വഴിയിലൂടെ വാഹനങ്ങൾ കടന്നുപോകുമ്പോൾ ഇത് ഗതാഗതക്കുരുക്കിന് ഇടയാക്കുകയാണ്. ക്യാന്റീനിലേയ്ക്ക് എത്തുന്ന വാഹനങ്ങൾ റോഡരികിൽ പാർക്ക് ചെയ്യുന്നതും ഗതാഗതക്കുരുക്കിന് ഇടയാക്കുന്നുണ്ട്.