കട്ടപ്പന: കൊവിഡ് വാക്‌സിൻ വിതരണത്തിൽ കട്ടപ്പന നഗരസഭയോട് കാട്ടുന്ന വിവേചനത്തിനെതിരെ പ്രതിഷേധം ശക്തം. ജനസംഖ്യാനുപാതികമായാണ് വാക്‌സിൻ വിതരണമെന്ന് സർക്കാർ അവകാശപ്പെടുമ്പോഴും കട്ടപ്പന പടിക്ക് പുറത്താണ്. വാക്‌സിനേഷൻ ആരംഭിച്ചത് മുതൽ കുറവ് വാക്‌സിൻ ലഭിച്ച തദ്ദേശ സ്വയംസ്ഥാപനങ്ങളിലൊന്നാണ് കട്ടപ്പന. ജില്ലയിലെ മറ്റ് പി.എച്ച്.സികൾക്ക് നൽകുന്ന വാക്‌സിനേക്കാൾ കുറവാണ് നഗരസഭയിലെ ഏക വാക്‌സിനേഷൻ കേന്ദ്രമായ കട്ടപ്പന താലൂക്ക് ആശുപത്രിയിൽ ലഭിക്കുന്നത്. ആദ്യ ഡോസ് കൊവിഷീൽഡ് സ്വീകരിച്ച് രണ്ടാമത്തെ ഡോസ് ലഭിക്കാനുള്ള 1500ൽപ്പരം പേർ നഗരസഭയിലുണ്ട്. രണ്ടാമത്തെ ഡോസ് കൊവാക്‌സിൻ സ്വീകരിക്കാനുള്ളവർ ഇതിനേക്കാൾ കൂടുതലാണ്. വാക്‌സിൻ കൂടുതൽ അനുവദിക്കണമെന്ന് നഗരസഭ പലതവണ ആവശ്യപ്പെട്ടിട്ടും ജില്ലാ മെഡിക്കൽ ഓഫീസ് വിവേചനം കാട്ടുകയാണെന്ന് ഭരണസമിതി ആരോപിക്കുന്നു.
കട്ടപ്പന ടൗൺ ഹാളിൽ നഗരസഭയിലെ സ്ഥിരം വാക്‌സിനേഷൻ കേന്ദ്രം ആരംഭിക്കാൻ നഗരസഭ നടപടികൾ സ്വീകരിച്ചിരുന്നു. ഇവിടേയ്ക്ക് ഡോക്ടറെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച 28ന് നടത്താനും നിശ്ചയിച്ചു. എന്നാൽ നഗരസഭയ്ക്ക് ലഭിക്കുന്ന വാക്‌സിൻ കുറവായതിനാൽ സ്ഥിരം കേന്ദ്രം ആരംഭിക്കാനുള്ള നഗരസഭയുടെ നടപടികൾക്ക് തിരിച്ചടിയായിരിക്കുകയാണ്.
ശനിയാഴ്ച തൊടുപുഴ ജില്ലാ ആശുപ്രതിക്ക് 2000 ഡോസ് വാക്‌സിൻ അനുവദിച്ചപ്പോൾ കട്ടപ്പന താലൂക്ക് ആശുപ്രതിക്ക് നൽകിയത് 300 ഡോസ് മാത്രമാണ്. ജനസംഖ്യ കുറവുള്ള മേഖലകളായ പാറക്കടവ് അർബൻ പി.എച്ച്.സിയ്ക്ക് 3000, ചെമ്പകപ്പാറ പി.എച്ച്.സി, ഇടവെട്ടി പി.എച്ച്.സി, ചിത്തിരപുരം പി.എച്ച്.സി എന്നിവയ്ക്ക് 1000 എന്നിങ്ങനെ അനുവദിച്ചു. കട്ടപ്പനയുടെ പകുതി ജനസംഖ്യയുള്ള സമീപ പഞ്ചായത്തുകൾക്ക് നൽകുന്ന ഡോസ് പോലും ഇവിടെ ലഭിക്കുന്നില്ല.
താലൂക്ക് ആശുപത്രിയിൽ എത്തുന്നവയിൽ പകുതിയും മറ്റ് പഞ്ചായത്തുകളിൽ നിന്ന് ബുക്ക് ചെയ്തവർക്ക് നൽകുന്നതോടെ കട്ടപ്പനയിലുള്ളവർക്ക് വാക്‌സിൻ ലഭിക്കാത്ത സ്ഥിതിയാണ്. നഗരസഭയിൽ 50 ശതമാനം പോലും വാക്‌സിനേഷൻ പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല. നഗരങ്ങളിലെ വാണിജ്യ സ്ഥാപനങ്ങളിൽ ജോലിയെടുക്കുന്ന അന്യ സംസ്ഥാന തൊഴിലാളികൾക്കടക്കം വാക്‌സിൻ നൽകണമെന്നാണ് സർക്കാർ നിർദ്ദേശം. എന്നാൽ ജില്ലാ മെഡിക്കൽ ഓഫീസിന്റെ അലംഭാവം പ്രതിരോധ പ്രവർത്തനങ്ങൾക്ക് തിരിച്ചടിയാകുന്നതായാണ് ആക്ഷേപം. സംസ്ഥാനത്തെ മികച്ച കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളിലൊന്നാണ് കട്ടപ്പനയിലേത്. ഇവിടെ ചികിത്സ ലഭിച്ച് രോഗമുക്തി നേടിയവരിൽ 80 ശതമാനത്തിലധികം സമീപ പഞ്ചായത്തുകളിൽ നിന്നുള്ളവരാണ്. കൂടാതെ എല്ലാവിധ സൗകര്യങ്ങളോടും കൂടിയാണ് സി.സി.സി. പ്രവർത്തനമാരംഭിച്ചിരിക്കുന്നത്.
കോൺഗ്രസ് സമരത്തിലേക്ക്
വാക്‌സിൻ വിതരണത്തിലെ വിവേചനത്തിനെതിരെ സമരം നടത്തുമെന്ന് നഗരസഭ കൗൺസിലർമാരും കോൺഗ്രസ് നേതാക്കളുമായ മനോജ് മുരളി, അഡ്വ. കെ.ജെ. ബെന്നി, സിബി പാറപ്പായിൽ, ജോയി ആനിത്തോട്ടം എന്നിവർ പറഞ്ഞു. യു.ഡി.എഫ്. ഭരണത്തിലുള്ള നഗരസഭയോട് സർക്കാർ രാഷ്ട്രീയ വിവേചനം കാട്ടുന്നതിന്റെ തെളിവാണിത്. നഗരസഭാ പരിധിയിലുള്ളവരേക്കാൾ സമീപ പഞ്ചായത്തുകളിൽ നിന്നുള്ളവർ കട്ടപ്പനയിലെത്തി വാക്‌സിൻ സ്വീകരിക്കുന്നുണ്ട്. ഇതും ക്ഷാമത്തിന് കാരണമാകുന്നു. ഇന്ന് രാവിലെ പതിനൊന്നിന് ഡി.എം.ഒ. ഓഫീസ് പടിക്കൽ ധർണ നടത്തുമെന്നും നേതാക്കൾ പറഞ്ഞു.