പാലാ: രാമപുരം പഞ്ചായത്തിൽ കൊവിഡ് വാക്‌സിൻ വിതരണം തോന്നുംപടി. വാക്‌സിൻ കൂടുതൽ വേണമെന്ന് ജില്ലാ കളക്ടറോടും, ജില്ലാ മെഡിക്കൽ ഓഫീസറോടും ആവശ്യപ്പെടാൻ പഞ്ചായത്ത് സമിതി തീരുമാനമെടുത്തതായി ഭരണ നേതൃത്വം അവകാശപ്പെടുന്നുണ്ടെങ്കിലും തുടർനടപടികൾ ഒരിഞ്ച് പോലും മുന്നോട്ടുപോയില്ല. വാക്‌സിൻ കൂടുതൽ ആവശ്യപ്പെട്ടു പല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും നിവേദനങ്ങൾ സമർപ്പിച്ചിട്ടുണ്ടെങ്കിലും ഇതു സംബന്ധിച്ച് രാമപുരം പഞ്ചായത്ത് അധികാരികളുടെ ഒരു കത്തും ഇന്നലെ വൈകും വരെ തന്റെ ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്ന് കോട്ടയം ഡി.എം.ഒ ഡോ. ജേക്കബ്ബ് വർഗീസ് പറഞ്ഞു. പഞ്ചായത്ത് ഭരണനേതൃത്വത്തിന്റെ പിടിപ്പുകേടിനെതിരെ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ കവിതാ മനോജ് രംഗത്തുവന്നിരുന്നു. കൂടുതൽ വാക്‌സിൻ എത്തിക്കാതെ ജനങ്ങളെ ദുരിതത്തിലാഴ്ത്താൻ നേതൃത്വം കൊടുക്കുന്നവർ ആരായാലും എത്രയും വേഗം അവർ ആ സ്ഥാനം ഒഴിയണമെന്ന ആവശ്യവും ഭരണസമിതിയിലെ അംഗങ്ങൾ തന്നെ മുന്നോട്ടുവെയ്ക്കുന്നു. അതേസമയം ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് അധികാരികളുടെ കീഴിലാണ് രാമപുരം ഗവ. ആശുപത്രിയുടെ പ്രവർത്തനമെന്നും നയപരമായ തീരുമാനങ്ങൾ എടുക്കാൻ ബ്ലോക്ക് ഭരണാധികാരികളാണ് മുന്നോട്ടുവരേണ്ടതെന്നും രാമപുരം പഞ്ചായത്ത് പ്രസിഡന്റ് ഷൈനി സന്തോഷ് പറയുന്നു.
ബി.ജെ.പി പ്രതിഷേധം
അതേസമയം രാമപുരം പഞ്ചായത്തിലെ എല്ലാ വാർഡുകളിലും വാക്‌സിൻ വിതരണം സുതാര്യമായി നടത്തണം എന്നാവശ്യപ്പെട്ട് ബി.ജെ.പി രാമപുരം പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ ഇന്നലെ ആശുപത്രിക്കു മുമ്പിൽ പ്രതിഷേധധർണ നടത്തി. ബി.ജെ.പി സംസ്ഥാന സമിതിയംഗം എൻ.ഹരി ഉദ്ഘാടനം ചെയ്തു. ബി.ജെ.പി രാമപുരം പഞ്ചായത്ത് പ്രസിഡന്റ് ജയൻ കരുണാകരൻ അദ്ധ്യക്ഷനായിരുന്നു. പ്രതിഷേധ ധർണയിൽ പഞ്ചായത്ത് മെമ്പർമാരായ കവിത മനോജ്, രജി ജയൻ, സുശീലാകുമാരി എന്നിവരും, ദീപു മേതിരി, ശശിധരൻ നായർ, പ്രകാശ് മംഗലത്തിൽ എന്നിവരും പങ്കെടുത്തു.
ഫോട്ടോ അടിക്കുറിപ്പ്
രാമപുരം ഗവ. ആശുപത്രി പടിക്കൽ ബി.ജെ.പി. നടത്തിയ പ്രതിഷേധ സമരം സംസ്ഥാന കമ്മിറ്റിയംഗം എൻ. ഹരി ഉദ്ഘാടനം ചെയ്യുന്നു.