vettukili

കട്ടപ്പന/ മൂലമറ്റം: നാട്ടുകാരെ ദുരിതത്തിലാക്കി വെട്ടുക്കിളികളും പുഴുക്കളും . ഇരട്ടയാർ പപഞ്ചായത്തിലെ ചെമ്പകപ്പാറ പള്ളിക്കാനം, ഈട്ടിത്തോപ്പ് മേഖലകളിലെ കൃഷിയിടങ്ങളിലാണ് വെട്ടുക്കിളി ശല്യം രൂക്ഷമായത് . നിരവധി കർഷകരുടെ പുരയിടങ്ങളിലെ കുരുമുളക്, ഏലം, കാപ്പി, തെങ്ങ് തുടങ്ങിയ വിളകളിൽ ഇവറ്റകൾ ചേക്കേറിയിരിക്കുകയാണ്. ഏതാനും സ്ഥലങ്ങളിൽ ആദ്യം കാണപ്പെട്ട ഇവ ആഴ്ചകൾക്കുള്ളിൽ മറ്റിടങ്ങളിലേക്ക് വ്യാപിക്കുകയായിരുന്നു. വെട്ടുക്കിളികളെ തുരത്തി വിളകൾ സംരക്ഷിക്കാനുള്ള ശ്രമത്തിലാണ് കർഷകർ.
വിളകളിൽ ചേക്കേറി ഇലകൾ ഭക്ഷിച്ച് തണ്ടുകളിലെ നീര് ഊറ്റി കുടിക്കുന്നതോടെ ദിവസങ്ങൾക്കുള്ളിൽ വിള കരിഞ്ഞുണങ്ങി നശിക്കും. ഒരു കൃഷിയിടത്തിൽ നിന്ന് മറ്റൊരിടത്തേയ്ക്ക് വളരെ വേഗം വ്യാപിപ്പിക്കുകയും ചെയ്യും.

മഴ ശക്തമായതോടെ മുട്ടം, മൂലമറ്റം, കാഞ്ഞാർ, കുടയത്തൂർ, തുടങ്ങാനാട്,മലങ്കര മേഖലകളിലെ ജനവാസ കേന്ദ്രങ്ങളിൽ വ്യാപകമായി പുഴുക്കൾ കണ്ട്തുടങ്ങി. . വീട്ടുമുറ്റത്തും പറമ്പിലുമുള്ള മരങ്ങളിലാണ് ഇവ കൂടുതലായും കാണപ്പെടുന്നത്.. മരങ്ങളിൽ നിന്നും പകൽ വെളിച്ചത്തിൽ വീടിൻ്റെ ഭിത്തിയിലും വാതിലുകൾ ജനലുകൾ എന്നിവിടങ്ങളിലും ഇവ കയറി പറ്റുന്നു. സൂചി പോലെ കൂർത്ത രോമങ്ങൾ ശരീരത്തിൽ ആഴത്തിൽ ആഴ്ന്നിറങ്ങും. ശരീരത്തിൽ സ്പർശിച്ചാൽ അസഹ്യമായ ചൊറിച്ചിലാണെന്ന് അനുഭവസ്ഥർ പറഞ്ഞു. പുഴുക്കളുടെ സാന്നിദ്ധളം ജനജീവിതത്തെ ബാധിച്ച് തുടങ്ങിയിട്ടുണ്ട്. അധികൃതരുടെ ഭാഗത്തു നിന്നും പുഴുക്കളെ നശിപ്പിക്കുവാനുള്ള നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം