പൊൻകുന്നം: കാടുകയറി നശിക്കുന്ന പരിസരവും ദുർഗന്ധം വമിക്കുന്ന അകത്തളവും. കോടികൾ മുടക്കി നിർമ്മിച്ച പൊൻകുന്നം മിനിസിവിൽ സ്റ്റേഷൻ മന്ദിരത്തിന്റെ നിലവിലെ സ്ഥിതി ഇതാണ്. വൃത്തിഹീനവും മിനിസിവിൽ സ്റ്റേഷനിൽ നാഥനില്ലാത്ത അവസ്ഥയിലുമാണെന്ന ആക്ഷേപം തുടക്കം മുതലേ ഉയർന്നിരുന്നു. പരാതിക്ക് പരിഹാരമായി മേൽനോട്ടത്തിന് കമ്മിറ്റി രൂപീകരിച്ചെങ്കിലും യാതൊരു പ്രയോജനവുമില്ലെന്നാണ് നാട്ടുകാരുടെ പരാതി. സിവിൽ സ്റ്റേഷൻ പരിസരത്തിന്റെ ഒരുഭാഗം കാടുകയറി മൂടിയ നിലയിലാണ്. വെള്ളം ഇല്ലാത്തതിനാൽ ടോയ്‌ലറ്റുകൾ പൂട്ടിയിട്ട നിലയിലും. മൂന്ന് നിലകളിലായി ആറ് കോടി രൂപ മുടക്കി പണി തീർത്ത കെട്ടിടത്തിന്റെ ഏതുനിലയിലെത്തിയാലും ദുർഗന്ധമാണ്. സെയിൽ ടാക്‌സ്, സബ് ട്രഷറി, മോട്ടോർ വാഹന വകുപ്പ്, എക്‌സൈസ്, വില്ലേജ്, ലീഗൽ മെട്രോളജി, സബ് രജിസ്ട്രാർ, മൃഗസംരക്ഷണം എന്നീ വകുപ്പുകളുടെ ഓഫീസുകളാണ് പ്രവർത്തിക്കുന്നത്.
സിവിൽ സ്റ്റേഷന്റെ ബസ് സ്റ്റാന്റിനോട് ചേർന്നുള്ള ഭാഗവും വിദ്യാഭ്യാസ വകുപ്പ് ഓഫീസിന്റെ പിൻവശവും കാട് വളർന്ന നിലയിലാണ്. രാത്രികാലങ്ങളിൽ ഇവിടം ഇഴജന്തുക്കളുടെയും തെരുവ് നായ്ക്കളുടെയും കേന്ദ്രമാണ്. വൻതുക മുടക്കി തറയോട് പാകിയ ഈ ഭാഗം ഓടുകൾ കാണാനാകാത്ത വിധം കാട് വളർന്നിരിക്കുകയാണ്.
കാര്യം സാധിക്കണം,
ചുറ്റുമതിലിന്റെ മറവിൽ
സിവിൽ സ്റ്റേഷനിലെ പൊതുജനങ്ങൾക്കുള്ള ടോയ്‌ലറ്റുകൾ തുറക്കാത്തതുമൂലം വിവിധ ആവശ്യങ്ങൾക്കെത്തുന്ന പലരും ചുറ്റുമതിലിന്റെ മറവിൽ കാര്യം സാധിക്കുകയാണ്. മുമ്പ് സിവിൽ സ്റ്റേഷനിലെ മഴവെള്ള സംഭരണിയിൽ നായ വീണ് ചത്ത സംഭവവും ഉണ്ടായിട്ടുണ്ട്. സിവിൽ സ്റ്റേഷൻ നടത്തിപ്പിനായുള്ള കമ്മറ്റി അടിയന്തിരമായി മന്ദിരത്തിന്റെ പരിസരം വൃത്തിയാക്കാൻ നടപടി സ്വീകരിക്കണമെന്നാണ് പൊതുജനങ്ങളുടെ ആവശ്യം.
ചിത്രവിവരണം
1. പൊൻകുന്നം മിനി സിവിൽ സ്റ്റേഷൻ പരിസരം കാടുമൂടിയ നിലയിൽ
2. സിവിൽ സ്റ്റേഷനിലെ ടോയ്‌ലറ്റുകൾ പൂട്ടിയ നിലയിൽ