ചങ്ങനാശേരി: ഉന്നതവിദ്യാഭ്യാസരംഗത്ത് അരനൂറ്റാണ്ട് പിന്നിട്ട നിയമങ്ങളാണ് ഇപ്പോഴും നിലനിൽക്കുന്നതെന്നും സമഗ്രമായ അഴിച്ചുപണി ഈ രംഗത്ത് വേണമെന്നും ഉന്നത വിദ്യാഭ്യാസവകുപ്പ് മന്ത്രി ഡോ.ആർ. ബിന്ദു അഭിപ്രായപ്പെട്ടു. ചങ്ങനാശേരി എസ്.ബി കോളേജിന്റെ നൂറാമത് സ്ഥാപക ദിനത്തോടനുബന്ധിച്ചുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. പുത്തൻ വിജ്ഞാനവും പ്രയോഗക്ഷമതയുള്ള അറിവും ഇവിടെ ഉത്പാദിപ്പിക്കപ്പെടണമെന്ന് മന്ത്രി പറഞ്ഞു. ചങ്ങനാശേരി അതിരൂപത മെത്രാപ്പോലീത്താ മാർ ജോസഫ് പെരുന്തോട്ടം അദ്ധ്യക്ഷത വഹിച്ചു. എസ്. ബി. കോളേജിന്റെ വിജയത്തിനു പിന്നിലുള്ളത് ഒരു ദർശനമാണെന്നും ആ ദർശനം എല്ലാ മനുഷ്യരെയും അണച്ചുപിടിക്കുന്ന ക്രൈസ്തവ ദർശനമാണെന്നും മാർ തോമസ് തറയിൽ ഓർമിപ്പിച്ചു. മാർ തോമസ് കാളാശ്ശേരിയുടെ പേരിലുള്ള സ്കോളർഷിപ്പ് കൊടിക്കുന്നിൽ സുരേഷ് എം.പി. വിതരണം ചെയ്തു. എസ്.ബി. സമീപഭാവിയിൽ ഒരു ഡീംഡ് യൂണിവേഴ്സിറ്റി ആയി വളരുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. സ്മാർട്ട് എസ്.ബി മൊബൈൽ ആപ്ലിക്കേഷൻ പ്രകാശനം കൊടിക്കുന്നിൽ സുരേഷ് എം.പി. നിർവഹിച്ചു. കോളേജിലെ വാർത്താപത്രിക ചങ്ങനാശേരി എം.എൽ.എയും കോളേജിലെ പൂർവവിദ്യാർത്ഥിയുമായ ജോബ് മൈക്കിൾ പ്രകാശനം ചെയ്തു. ടോമിൻ ജെ. തച്ചങ്കരി എസ്. ബി.കാലഓർമ്മകൾ പങ്കുവച്ചു. അന്തർ വൈജ്ഞാനിക ഗവേഷണകേന്ദ്രത്തിന്റെ ഉദ്ഘാടനം കോട്ടയം കൊളീജിയേറ്റ് എജ്യുക്കേഷൻ ഡയറക്ടർ ആർ. പ്രഗാഷ് നിർവ്വഹിച്ചു. മുൻസിപ്പൽ ചെയർപേഴ്സൺ സന്ധ്യ മനോജ്, വാർഡ് കൗൺസിലർ ബീനാ ജിജൻ എന്നിവർ ആശംസകളർപ്പിച്ചു. സുവോളജി മ്യൂസിയത്തിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് എസ്.ബി. കോളേജ് അലുംമ്നി അസോസിയേഷൻ കുവൈറ്റ് ചാപ്‌റ്ററിന്റെ സംഭാവന മദർ ചാപ്റ്റർ പ്രസിഡൻ്റ് ഡോ. എൻ. മാത്യു, കോളേജ് രക്ഷാധികാരി മാർ ജോസഫ് പെരുന്തോട്ടത്തിന് കൈമാറി. മാനേജർ മോൺ.തോമസ് പാടിയത്ത് സ്വാഗതവും പ്രിൻസിപ്പൽ ഫാ. റെജി പി. കുര്യൻ നന്ദിയും പറഞ്ഞു.