കട്ടപ്പന: ലോക്ക്ഡൗൺ കാലത്ത് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർക്ക് എല്ലാദിവസവും ചായയും പലഹാരങ്ങളും നൽകിയ ആറാം ക്ലാസുകാരൻ സന്ദീപിന് കട്ടപ്പന ട്രാഫിക് പൊലീസിന്റെ ആദരവ്. സന്ദീപിന്റെ ഓൺലൈൻ പഠനത്തിന് പുതിയ മൊബൈൽ ഫോൺ ആണ് ഉദ്യോഗസ്ഥർ സമ്മാനമായി നൽകിയത്. ഒപ്പം സഹോദരി നന്ദനയ്ക്ക് കൈനിറയെ ചോക്ലേറ്റുകളും. സമ്പൂർണ ലോക്ക് ഡൗണിന്റെ ആദ്യ ദിനങ്ങളിൽ സ്‌കൂൾക്കവലയിലെ എയ്ഡ് പോസ്റ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥർക്ക് സന്ദീപ് കുടിവെള്ളം എത്തിച്ചുനൽകിയിരുന്നു. തുടർന്ന് രാവിലെയും വൈകിട്ടും ചായയുമായി എത്തിത്തുടങ്ങി. വൈകാതെ സന്ദീപ് ഉദ്യോഗസ്ഥരുടെ ചങ്കായി മാറുകയായിരുന്നു.
സ്‌കൂൾ കവലയിൽ വാടക വീട്ടിൽ കഴിയുന്ന ശ്രീകുമാർ-സവിത ദമ്പതികളുടെ 3 മക്കളിൽ രണ്ടാമത്തെയാളാണ് സന്ദീപ്. കട്ടപ്പന ഗവ. ട്രൈബൽ സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിയാണ്. മകന്റെ ആഗ്രഹത്തോടൊപ്പം നിൽക്കാനാണ് അച്ഛനും അമ്മയും തീരുമാനിച്ചത്. ഇന്നലെ കട്ടപ്പന സ്റ്റേഷനിൽ കട്ടപ്പന ഡിവൈ.എസ്.പി. ജെ. സന്തോഷ്‌കുമാർ സന്ദീപിന് ഫോൺ സമ്മാനിച്ചു. മൊബൈൽ ഫോണിന്റെ ഗുണങ്ങളും ദോഷങ്ങളും സന്ദീപിന് പറഞ്ഞുകൊടുക്കാനും ഡിവൈ.എസ്.പി. മറന്നില്ല. ട്രാഫിക് എസ്.ഐ. എം.എസ്. ജയചന്ദ്രൻ, എ.എസ്.ഐ. പി.എൻ. സജിമോൻ, പൊലീസ് അസോസിയേഷൻ എക്‌സിക്യൂട്ടീവ് അംഗം പി.എസ്. റോയി എന്നിവർ പങ്കെടുത്തു.