രാജകുമാരി: സ്വത്ത് തർക്കത്തെ തുടർന്ന് മകൻ പിതാവിനെ വെട്ടി പരിക്കേൽപ്പിച്ചു. പൂപ്പാറ ഗാന്ധിനഗർ കോളനി സ്വദേശി ജയപ്രകാശിനെതിരെ ശാന്തൻപാറ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. പരിക്കേറ്റ പിതാവ് സോളമനെ (55) തേനി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. കൃഷിയിടത്തിലെ ചായ്പ്പിൽ കിടന്നുറങ്ങിയ സോളമനെ മദ്യപിച്ചെത്തിയ ജയപ്രകാശ് വാക്കത്തി കൊണ്ട് പല തവണ വെട്ടുകയായിരുന്നു. സോളമന്റെ തലയ്ക്കും കൈകൾക്കും വലതു കാലിനും പരുക്കേറ്റിട്ടുണ്ട്. ശബ്ദം കേട്ട് ഓടിയെത്തിയ ബന്ധുക്കളും പ്രദേശവാസികളും ചേർന്ന് സോളമനെ തേനി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയായിരുന്നു.