vaccine

കോട്ടയം: വാക്‌സിൻ ക്ഷാമം ഏറെക്കുറെ പരിഹരിച്ചിട്ടും ബുക്കിംഗിനും സ്ലോട്ട് ലഭ്യതയ്ക്കുമുള്ള പ്രതിസന്ധി തുടരുകയാണ്. സ്മാർട്ട് ഫോൺ ഉപയോഗിക്കാനറിയാതെ രജിസ്റ്റർ ചെയ്യാൻ പോലുമാകാതെ നിരവധിപ്പേർ. ബുക്ക് ചെയ്യാതെ രാഷ്ട്രീയക്കാർ ഇഷ്ടക്കാരെ തിരുകി കയറ്റി വാക്സിനെടുക്കുന്നതും വ്യാപകമാണ്.

വാക്സിൻ വിതരണം സുതാര്യമാക്കുമെന്ന് ആരോഗ്യമന്ത്രി പറയുമ്പോഴും പ്രാവർത്തികമാകുന്നില്ല. രജിസ്‌ട്രേഷൻ നടപടികൾ അറിയാത്തവർക്ക് ആധാർ കാർഡുമായി ചെന്നാൽ വാക്‌സിൻ ലഭ്യമാക്കുന്ന തരത്തിലുള്ള സംവിധാനങ്ങൾ ഉടൻ നടപ്പാകുമെന്ന് പറയാൻ തുടങ്ങിയിട്ട് നാളുകളേറെയായി. സ്ലോട്ടിനായുള്ള ഒ.ടി.പിയും ആശുപത്രി ലിസ്റ്റും ലഭിച്ചാലും സ്ളോട്ട് കാണിക്കുന്നില്ലെന്നതാണ് പ്രധാന പ്രശ്നം. സൈറ്റ് തടസപ്പെടുക, ഒ.ടി.പി ലഭിക്കാൻ വൈകുക, സ്ലോട്ട് പെട്ടെന്ന് നിറയുക എന്നീ ബുദ്ധിമുട്ടുകൾ മൂലം വാക്സിനെടുക്കാൻ കഴിയാത്തവരും നിരവധി. വാക്സിനേഷനുമായി ബന്ധപ്പെട്ട സംശയം ദൂരീകരിക്കാനുള്ള നമ്പറുകൾ എപ്പോഴും തിരക്കിലുമാണ്.

 വേണം മെമ്പറുമായി അടുപ്പം
രാഷ്ട്രീയക്കാരും വാർഡ് മെമ്പർമാരും ഇഷ്ടക്കാർക്ക് വാക്സിൻ നൽകുന്നതും പതിവാണ്. കഴിഞ്ഞദിവസം അതിരമ്പുഴ പഞ്ചായത്തിലെ ഒരു വാർഡിൽ മെമ്പറുടെ ഇഷ്ടക്കാർക്ക് മാത്രമായി സ്പോട്ട് രജിസ്ട്രേഷനിലൂടെ വാക്സിൻ നൽകിയത് പ്രതിഷേധത്തിനു കാരണമായി.

''അറുപത് വയസായിട്ടും ആദ്യ ഡോസ് പോലും ഇതുവരെയെടുക്കാനായില്ല. രജിസ്റ്റർ ചെയ്ത് ബുക്കിംഗിനായി ശ്രമിക്കുമ്പോൾ സ്ലോട്ട് ലഭിക്കുന്നില്ല''

വത്സല കുമാരി, വീട്ടമ്മ