ഇടപെടൽ സ്വന്തം ഭൂമിയെങ്കിൽ ഒഴിപ്പിക്കാമെന്ന സത്യവാങ്മൂലം നിലനിൽക്കേ
കോട്ടയം: നഗരസഭയുടെ മുള്ളൻകുഴി ഫ്ലാറ്റ് അനധികൃതമായി കൈവശം വച്ചിരിക്കുന്നവർക്ക് സ്വന്തംപേരിൽ വീടും സ്ഥലവുമുണ്ടെങ്കിൽ ഒഴിപ്പിക്കാമെന്ന സത്യവാങ്മൂലം നിലനിൽക്കുമ്പോഴും നടപടിയെടുക്കുന്നതിൽ രാഷ്ട്രീയം കളിച്ച് പ്രതിപക്ഷം. കഴിഞ്ഞ ദിവസം വിഷയം കൗൺസിലിൽ ചർച്ച ചെയ്തെങ്കിലും ബി.ജെ.പി -സി.പി.എം കൗൺസിലർമാർ സംയുക്തമായി ഒഴിപ്പിക്കലിനെതിരെ നിലപാടെടുക്കുകയായിരുന്നു. ഭൂമിയും വീടും സ്വന്തമായുണ്ടെങ്കിൽ ഒഴിപ്പിക്കാമെന്ന താമസക്കാരുടെ സത്യവാങ്മൂലം നിലനിൽക്കുമ്പോഴാണ് നടപടി വൈകുന്നത്.
ചേരിനിർമാർജനത്തിന്റെ ഭാഗമായി 30 വർഷം മുൻപ് മുള്ളൻകുഴി നേതാജി നഗറിൽ നഗരസഭ സൗജന്യമായി നൽകിയ അപ്പാർട്ടുമെന്റുകൾ വിറ്റു കാശാക്കിയവർക്ക് പുതിയ ഫ്ളാറ്റുകൾ നൽകുന്നതിനെതിരായ വിജിലൻസ് റിപ്പോർട്ടും നിലവിലുണ്ട്. അർഹരെ ഒഴിവാക്കി അനർഹർ ഫ്ളാറ്റ് കൈവശം വച്ചിരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി പൊതുപ്രവർത്തകൻ കെ.എസ് പത്മകുമാർ മുഖ്യമന്ത്രി പിണറായി വിജയന് നൽകിയ പരാതിയെ തുടർന്നാണ് അന്വേഷണം ആരംഭിച്ചത്. മുമ്പ് ഫ്ളാറ്റ് ലഭിച്ചവരിൽ പലരും അത് വിറ്റും ഒറ്റിക്ക് കൊടുത്തും മറ്റ് സ്ഥലങ്ങളിലേയ്ക്ക് മാറിയെങ്കിലും നഗരസഭയുടെ പട്ടികയിൽ നിന്ന് മാറ്റിയിട്ടില്ല. ഫ്ലാറ്റിൽ 24 എണ്ണത്തിലാണ് ഇപ്പോൾ താമസിക്കാരുള്ളത്. ഇവരിൽ അഞ്ചു പേർക്ക് മറ്റൊരിടത്ത് ഭൂമിയുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇത്തരത്തിൽ ഭൂമിയുണ്ടെന്ന് കണ്ടെത്തിയാൽ താമസക്കാരെ ഒഴിപ്പിക്കാമെന്നാണ് ചട്ടം. അനധികൃതമായി താമസിക്കുന്നവർക്ക് പെരുമ്പായിക്കാട്, കോട്ടയം വില്ലേജുകളിലായി സ്ഥലമുണ്ടെന്ന് വിവരാവകാശ രേഖകളിലും വ്യക്തമാണ്.
സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തിൽ കൗൺസിലിന്റെ അനുവാദം തേടേണ്ടതില്ല
അന്വേഷണറിപ്പോർട്ട് അട്ടിമറിക്കുന്നു
മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ട വിഷയത്തിൽ നടപടിക്ക് തടസം സി.പി.എം കൗൺസിലർമാർ
അർഹരായ മൂന്ന് പേർ പുറത്ത് നിൽക്കുമ്പോഴും അനർഹർ ഫ്ളാറ്റിൽ