വൈക്കം : നഗരത്തിന്റെ പ്രധാന ആകർഷണമായ കായലോര 'ബീച്ച്' അധികൃതരുടെ അവഗണനയിൽ നാശത്തിന്റെ വക്കിൽ. വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിനും നഗരവാസികൾക്ക് കായൽ സൗന്ദര്യം നുകർന്ന് സായാഹ്നങ്ങൾ ചെലവഴിക്കുന്നതിനുമായാണ് നഗരസഭാ കാര്യാലയത്തിൽ നിന്ന് ഏറെയകലെയല്ലാതെ കായൽതീരം മണ്ണിട്ടുയർത്തി ബീച്ച് നിർമ്മിച്ചത്. അന്തരിച്ച സി.പി.ഐ നേതാവ് പി.എസ്.ശ്രീനിവാസൻ റവന്യു മന്ത്രിയായിരിക്കെയാണ് ആറേക്കർ കായൽ തീരം നഗരസഭയ്ക്ക് പതിച്ചു നൽകിയത്. അഡ്വ.പി.കെ.ഹരികുമാർ ചെയർമാനായിരിക്കുമ്പോൾ സ്ഥലം മണ്ണിട്ടുയർത്തി. പിന്നീട് വന്ന കൗൺസിൽ ഡി.ടി.പി.സിയുമായി ചേർന്ന് ബീച്ചിൽ നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചിരുന്നു. പിന്നീട് ചുവപ്പ് നാടയിൽ കുരുങ്ങി. തുടർന്ന് കഴിഞ്ഞ കൗൺസിലിൽ എൻ.അനിൽ ബിശ്വാസ് ചെയർമാനായിരിക്കുമ്പോഴാണ് ബീച്ച് നവീകരിച്ച് നാടിന് സമർപ്പിച്ചത്.
ഒരു ഭാഗത്ത് തൊണ്ടി വാഹനങ്ങൾ
സന്ദർശകർക്ക് കായൽ കാഴ്ചകൾ കണ്ടുനടക്കാൻ നടപ്പാതകൾ, ഇരിപ്പിടങ്ങൾ, അലങ്കാര വിളക്കുകൾ, റേഡിയോ, കളിസ്ഥലം എന്നിവയാണ് ബീച്ചിൽ സജ്ജീകരിച്ചത്. ബീച്ചിനോടനുബന്ധിച്ച് കേരള ലളിതകലാ അക്കാഡമിയുമായി ചേർന്ന് സത്യഗ്രഹ സ്മൃതി ശില്പ ഉദ്യാനവും നിർമ്മിച്ചു. പ്രശസ്തരായ നിരവധി ശില്പികൾ തീർത്ത ശില്പങ്ങൾ ഇവിടെയുണ്ട്. ആരും തിരിഞ്ഞു നോക്കാതായതോടെ കളിസ്ഥലം കാടുകയറി. അൻപതോളം ലൈറ്റുകളുള്ളതിൽ ഒരെണ്ണം പോലും തെളിയുന്നില്ല. സി.കെ.ആശ എം.എൽ.എ സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റുകൾ മാത്രമാണ് ഇപ്പോൾ പ്രകാശം പരത്തുന്നത്. ബീച്ചിന്റെ ഒരു ഭാഗത്ത് പൊലീസ് വിവിധ കേസുകളിൽ പിടിച്ചെടുക്കുന്ന വാഹനങ്ങൾ നിരത്തിയിട്ടിരിക്കുകയാണ്. മണൽ ലോറി മുതൽ ശൗചാലയമാലിന്യം കയറ്റിയ ടാങ്കർ വരെ ഇതിലുണ്ട്.
'' നഗരത്തിലേക്ക് വിനോദ സഞ്ചാരികളെ വരെ ആകർഷിക്കാനുള്ള ഭൗതിക സാഹചര്യം ബീച്ചിലുണ്ട്. അത് പ്രയോജനപ്പെടുത്തി പരിസ്ഥിതിക്കനുയോജ്യമായ രീതിയിൽ കൂടുതൽ വികസന പ്രവർത്തനങ്ങൾ നടത്തേണ്ടതിന് പകരം ബീച്ചിനെ പൂർണ്ണമായി അവഗണിച്ച് നിലവിലുണ്ടായിരുന്ന സൗകര്യങ്ങൾ പോലും ഇല്ലാതാക്കുകയാണ് അധികൃതർ ചെയ്യുന്നത്. കഴിഞ്ഞ കൗൺസിലിന്റെ കാലത്ത് സന്ദർശകർക്കായി ഏർപ്പെടുത്തിയ സംവിധാനങ്ങൾ പുന:സ്ഥാപിക്കണം. ആർ.സന്തോഷ്
നഗരസഭ കൗൺസിലർ