perunthenaruvi

പെരുന്തേനരുവിയിൽ അപകടം തടയാൻ സംവിധാനമില്ല

എരുമേലി: പാറക്കെട്ടുകളേയും കുഴികളേയും തഴുകി തലോടി ഒഴുകുന്ന പെരുന്തേനരുവി സുന്ദരിയാണ്.പക്ഷേ അതിലേറെ അപകടവുമാണ്. അരുവിയുടെ ഒഴുക്കിൽ രൂപംകൊണ്ട നിരവധി കുഴികളാണ് ഇവിടെ മരണത്തെ മാടിവിളിക്കുന്നത്. കഴിഞ്ഞ അര നൂറ്റാണ്ടിനിടെ നൂറിലധികം പേരുടെ ജീവനാണ് പെരുന്തേനരുവി കവർന്നത്. വെച്ചുച്ചിറ പെരുനാട് പഞ്ചായത്ത് അതിർത്തി പങ്കിടുന്ന പമ്പാനദിയിലെ പെരുന്തേനരുവി പ്രധാന കുടിവെള്ള സ്‌ത്രോതസുകൂടിയാണ്. ഇവിടെ നിരവധി പേർ എത്തുന്നുണ്ടെങ്കിലും യാതൊരു സുരക്ഷയുമില്ല. അരുവിയിൽ രണ്ട് വശങ്ങളിൽ നിന്നും ഇറങ്ങാൻ കഴിയും. ഒപ്പം അപകടകരമായ പാറക്കെട്ടുകളിൽക്കൂടി നടക്കുന്നവരും നിരവധി. അരുവിയുടെ ചിത്രങ്ങൾ എടുക്കാനുള്ള ശ്രമത്തിനിടെയിലാണ് പലരും അപകടത്തിൽപ്പെടുന്നത്. കഴിഞ്ഞ ദിവസം പൊൻകുന്നം സ്വദേശി എബിൻ സാജൻ ഒഴുകിൽപ്പെട്ട് മരിച്ചതും ചിത്രമെടുക്കാനുള്ള ശ്രമത്തിനിടയിലാണ്.

കോടികൾ മുടക്കുന്നു, എന്നിട്ടും

പെരുന്തേനരുവി ടൂറിസം പദ്ധതിയുടെ പേരിൽ സർക്കാർ കോടികൾ മുടക്കി നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നുണ്ടെങ്കിലും അരുവിലെ അപകടം തടയാൻ സംവിധാനമില്ലെന്ന് നാട്ടുകാരും പറയുന്നു. വാട്ടർ ടാങ്ക് ഉൾപ്പെടുന്ന ഭാഗം കെ.റ്റി.ഡി.സിയും, പവർ ഹൗസിന്റെ ഭാഗം വൈദ്യുതി വകുപ്പിന്റെ നിയന്ത്രണത്തിലുമാണ് . ഇരുകൂട്ടരും അരുവിയുടെ രണ്ട് വശങ്ങളിലും സുരക്ഷയ്ക്കായി ഗാർഡുമാരെ നിയമിക്കണമെന്നാണ് ആവശ്യം.