മുണ്ടക്കയം: പ്രളയത്തിൽ തകർന്ന മുണ്ടക്കയം കോസ്‌വേ പാലത്തിന്റെ കൈവരികളുടെ നവീകരണത്തിന് നടപടികളായി. ഇതിനായി മൂന്ന് ലക്ഷം രൂപ അനുവദിച്ചതായി അഡ്വ: സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ അറിയിച്ചു. ഏറെ നാളുകളായി കൈവരികൾ തകർന്ന് പാലം അപകടാവസ്ഥയിലായിരുന്നു. കഴിഞ്ഞദിവസം എംഎൽഎ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ പാലം സന്ദർശിച്ചിരുന്നു. മഴവെള്ളപ്പാച്ചിലിൽ കോസ്‌വേ പാലത്തിന്റെ കൈവരികൾ പൂർണമായുംതകർന്നിരുന്നു. കൈവരികൾ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി തവണ ദേശീയപാത വിഭാഗത്തിന് പഞ്ചായത്ത് അധികാരികൾ പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ല. തുടർന്ന് സി.പി.എമ്മിന്റെയും ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ നേതൃത്വത്തിൽ അപകടഭീഷണി കൂടുതലുള്ള പ്രദേശങ്ങളിൽ താത്ക്കാലികമായി കൈവരികൾ സ്ഥാപിച്ചിരുന്നു. തുടർന്ന് വിഷയം എം.എൽ.എയുടെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് പാലത്തിന്റെ കൈവരികൾ പൂർണമായും നവീകരിക്കാൻ നടപടിയായത്. ജില്ലാ പഞ്ചായത്തംഗം പി.ആർ അനുപമ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ്, വൈസ് പ്രസിഡന്റ് സാജൻ കുന്നത്ത്, പഞ്ചായത്തംഗങ്ങളായ സി.വി അനിൽകുമാർ, ജിനീഷ് മുഹമ്മദ്, ഡയസ് തുടങ്ങിയവരും എം.എൽ.എയ്ക്ക് ഒപ്പമുണ്ടായിരുന്നു.