paddy

കോട്ടയം: ലോക്ക് ഡൗൺ പ്രതിസന്ധികളിൽപെട്ട് ഉഴലുന്ന കർഷകർക്ക് വിരുപ്പുകൃഷിയുടെ പണം ലഭിക്കാത്തത് ഇരുട്ടടിയായി. ഓരോ തൊടുന്യായങ്ങൾ പറഞ്ഞ് അധികൃതർ ഒഴിഞ്ഞു മാറുകയാണ്. ലോക്ക് ഡൗൺ ആരംഭിക്കും മുൻപ് കൈമാറിയ നെല്ലിന്റെ വിലയാണ് ഇനിയും ലഭിക്കാത്തത്.

146.51 കോടി രൂപയാണ് പുഞ്ചകൃഷിയുടെ നെല്ലുസംഭരിച്ച വകയിൽ സപ്ലൈകോ കർഷകർക്ക് നൽകാനുള്ളത്. ജനുവരിയിലെ മഴയും ഏപ്രിൽ, മെയ് മാസങ്ങളിലെ പ്രതികൂല കാലാവസ്ഥയും അതിജീവിച്ച് പാടശേഖരങ്ങളിൽ പൊന്നു വിളയിക്കാൻ കർഷകർക്ക് സാധിച്ചു. എന്നാൽ അതിന്റെ പ്രതിഫലം ലഭിച്ചില്ല.
അപ്പർ കുട്ടനാടൻ മേഖലയിൽപ്പെട്ട 24567 കർഷകരാണ് ജില്ലയിലെ സപ്ലൈകോയിൽ രജിസ്റ്റർ ചെയ്തിരുന്നത്. 200.79 കോടി രൂപയുടെ നെല്ലു സംഭരിച്ചിരുന്നുവെങ്കിലും ഇതുവരെ നൽകിയത് 54.27 കോടി രൂപ മാത്രമാണ്.
കുടിശിക വൈകുന്ന സാഹചര്യത്തിൽ, പി.ആർ.എസ്. നൽകിയാൽ ബാങ്കിൽ നിന്നു ലോൺ ലഭിക്കുന്ന പദ്ധതി ഏതാനും വർഷം മുമ്പ് സർക്കാർ ആവിഷ്‌കരിച്ചിരുന്നു. എന്നാൽ, ബാങ്കുകളിൽ നിന്ന് വായ്പ പാസായി വരാൻ താമസിക്കുകയാണെന്ന് കർഷകർ പറുന്നു. ബാങ്കിൽ ലഭിക്കുന്ന പി.ആർ.എസ്, സപ്ലൈകോയിൽ അയച്ച് ഉറപ്പാക്കിയ ശേഷമാണ് പണം നൽകുന്നത്. കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം ജില്ലകളിലെ കർഷകരുടെ ബില്ലിംഗ് ന‌ടത്തേണ്ടത് സപ്ലൈകോയുടെ കോട്ടയത്തെ ഓഫീസിലാണ്. ഇവിടെയുണ്ടാകുന്ന തിരക്കും ബിൽ വൈകിക്കുന്നു.

അപ്പർ കുട്ടനാട്ടിലെകർഷകർ 24567

കർഷകർക്ക് കൊടുത്തത് 54.27 കോടി രൂപ

 കൊടുക്കാനുള്ളത് : 146.51 കോടി രൂപ

കൈവായ്പ വാങ്ങിയും സ്വർണം പണയപ്പെടുത്തിയും മറ്റും കൃഷിയിറക്കിയവരാണ് ഏറെയും കർഷകർ. പുഞ്ചകൃഷി ഇറക്കിയ ഞങ്ങളിൽ പലർക്കും വിരിപ്പുകൃഷിയും ഇറക്കേണ്ടതായിരുന്നു. എന്നാൽ, സാമ്പത്തിക പ്രതിസന്ധിയും പ്രതികൂല കാലാവസ്ഥയും ഭയന്ന് ഇപ്പോൾ ആ വഴിക്കു ചിന്തിക്കുന്നില്ല.

- നാരായണൻ, കർഷകൻ