manikkal-park

മണിക്കല്‍ വിനോദ സഞ്ചാര കേന്ദ്രം അടച്ചുപൂട്ടലിന്റെ വക്കില്‍

മുണ്ടക്കയം ഈസ്റ്റ്: എങ്ങനെയൊരു ടൂറിസം പദ്ധതിയെ നശിപ്പിക്കാം... മണിക്കൽ അതിന് വലിയ ഉദാഹരണമാണ്. നിർമ്മാണം പൂർത്തീകരിച്ച് ഒരു ഒരുവർഷം എത്തും മുമ്പേയാണ് മണിക്കൽ തടാകവും പാർക്കും അടച്ചുപൂട്ടലിന്റെ വക്കിലെത്തിയിരിക്കുന്നത്. ഇടുക്കി ജില്ലയുടെ കവാടമായ പെരുവന്താനം പഞ്ചായത്തിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമാണ് മണിക്കൽ പ്രദേശം.തോട്ടിൽ ജലനിരപ്പുയർന്നതോടെ ഇവിടെ ഉപയോഗിച്ചിരുന്ന രണ്ടുബോട്ടുകളും ഒരു കുട്ട വഞ്ചിയുമാണ് സമീപത്തെ സ്വകാര്യ റബർ ഫാക്ടറി വളപ്പിൽ സൂക്ഷിക്കാനായി മാറ്റിയത്. ഇന്നത് കാട്ടുവള്ളികൾ പൊതിഞ്ഞ് നശിക്കുകയാണ്. പ്രതിദിനം 8500 രൂപയുടെ വരുമാനം ടൂറിസം പദ്ധതിയിൽ നിന്നും ആദ്യ നാളുകളിൽ തന്നെ ലഭിച്ചിരുന്നു. നാട്ടുകാരായ അഞ്ചോളം പേർക്ക് ജോലിയും ലഭിച്ചിരുന്നു. വിനോദസഞ്ചാര കേന്ദ്രമായി മാറിയതോടെ മണിക്കല്ലിൽ ഏറെ തിരക്കും അനുഭവപ്പെട്ടു. എന്നാൽ ബോട്ടിങ്ങ് ഇല്ലാതായതോടെ തിരക്കൊഴിഞ്ഞ അവസ്ഥയാണ്.

മുക്കാൽ കിലോമീറ്റർ മാത്രം

ദേശീയപാതയിൽ നിന്നും മുക്കാൽ കിലോമീറ്റർ ദൂരം മാത്രമാണ് മണികല്ലിൽ എത്താൻ. കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതിയുടെ അവസാനകാലത്താണ് വിനോദ സഞ്ചാരികളെ ആകർഷിക്കാൻ തടാകം നിർമ്മിച്ചു ബോട്ടിംഗ് സംവിധാനമൊരുക്കിയത്. ഭരണസമിതി മാറിയതോടെ തുടർപദ്ധതികളും അവസാനിച്ചമട്ടാണ്. അന്തരിച്ച സിനിമാതാരം തിലകന്റെ സ്മരണക്കായി ജന്മനാടായ ഇവിടെ തടാകത്തോട് ചേർന്നു സ്മാരകം നിർമ്മിച്ചിട്ടുണ്ട്. തിലകൻ സ്മാരകത്തിൽ ആരംഭിച്ച ടീ സ്റ്റാളും അടച്ചുപൂട്ടലിലേക്കാണ് നീങ്ങുന്നത്.

ടൂറിസം വികസനത്തിനായി തോട്ടം ഉടമ കൂടുതൽ സ്ഥലങ്ങൾ വിട്ടുനൽകാൻ തയാറാണ്. തുടർപദ്ധതികൾക്കുള്ള ശ്രമം പുതിയ ഗ്രാമപഞ്ചായത്ത് ഭരണസമിതിയിൽ നിന്നുണ്ടാവുന്നില്ല.

കെ.ടി.ബിനു, ഇടുക്കി ജില്ലാ പഞ്ചായത്തംഗം