machine-house

അടിമാലി: കാട്ടാന ശല്യത്താൽ പൊറുതിമുട്ടി മാങ്കുളം ഗ്രാമപഞ്ചായത്തിലെ കവിതക്കാട് മേഖല.പ്രദേശത്ത് കഴിഞ്ഞ ദിവസം ഇറങ്ങിയ കാട്ടാന വ്യാപകമായി കൃഷി ദേഹണ്ഡങ്ങൾ നശിപ്പിക്കുകയും കൃഷിയിടത്തിൽ ഉണ്ടായിരുന്ന സ്വകാര്യ വ്യക്തിയുടെ മെഷ്യൻപുര തകർക്കുകയും ചെയ്തു.തെങ്ങ്, കൊക്കോ, കുരുമുളക് ചെടികൾ തുടങ്ങിയവയൊക്കെ കാട്ടാന ആക്രമണത്തിൽ നശിച്ചു.ആയിരക്കണക്കിന് രൂപയുടെ നഷ്ടമാണ് ഓരോ ദിവസവും കാട്ടാനകൾ വരുത്തുന്നതെന്ന് കർഷകർ പറഞ്ഞു.കവിതക്കാട് മേഖലയിൽ കാട്ടാന ശല്യം ആരംഭിച്ചിട്ട് ഏതാനും നാളുകളായി.ശല്യം വർദ്ധിച്ചതോടെ റബ്ബർ ടാപ്പിംഗ് അടക്കമുള്ള കൃഷിപ്പണികൾക്കായി കർഷകർ ഭയത്തോടെയാണ് കൃഷിയിടങ്ങളിൽ എത്തുന്നത്.വിരട്ടിയോടിച്ചാലും ആനകൾ ജനവാസമേഖലകളിൽ നിന്നും പിൻവാങ്ങാൻ തയ്യാറാവാത്തത് കർഷകരെ വല്ലാതെ ബുദ്ധിമുട്ടിലാക്കിയിട്ടുണ്ട്.കൊവിഡിനെ തുടർന്ന് വരുമാനം നിലച്ചിരിക്കുന്ന സാഹചര്യത്തിൽ കാട്ടാന ശല്യത്താൽ ഉണ്ടാകുന്ന കൃഷിനാശം പലരേയും കടക്കെണിയിലാക്കുന്നു.കാട്ടാനകളെ പൂർണ്ണമായി വനത്തിലേക്ക് തുരത്തുകയും സംഭവിച്ചിട്ടുള്ള നഷ്ടങ്ങൾക്ക് അർഹമായ നഷ്ട പരിഹാരം ലഭിക്കാൻ ഇടപെടൽ ഉണ്ടാവുകയും വേണമെന്നാണ് കർഷകരുടെ ആവശ്യം.