വാഴൂർ: കൊടുങ്ങൂർ തിരുവല്ല മെഡിക്കൽ മിഷൻ ആശുപത്രിക്ക് സമീപം പട്ടാപകൽ മാലിന്യം തള്ളിയ തമിഴ്‌നാട് സ്വദേശിയായ പിക്കപ്പ് വാൻ ഡ്രൈവറെ നാട്ടുകാർ കൈയോടെ പിടികൂടി. തിരുവല്ല ആശുപത്രിക്ക് സമീപം വ്യാപാരസ്ഥാപനങ്ങൾ നടത്തുന്നവരും നാട്ടുകാരും ചേർന്ന് വാഹനം തടഞ്ഞതിന് ശേഷം പഞ്ചായത്തിൽ വിവരമറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി റെജി ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശ്രീകാന്ത്.പി.തങ്കച്ചൻ,പഞ്ചായത്തംഗം ആർ.അജിത് കുമാർ എന്നിവരും പള്ളിക്കത്തോട് പൊലീസും ചേർന്നു മാലിന്യങ്ങൾ തിരികെ വാഹനത്തിൽ കയറ്റിച്ചു. തുടർന്ന് ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് വിളിച്ചുവരുത്തി മാലിന്യം തള്ളിയതിന് 2000 രൂപ പിഴ അടച്ചതിന് ശേഷമാണ് വാഹനം പോകാൻ അനുവദിച്ചത്.