കട്ടപ്പന: മന്ത്രി റോഷി അഗസ്റ്റിന്റെ ഇടപെടലും കൗൺസിലർമാരുടെ പ്രതിഷേധവും ഫലം കണ്ടതോടെ കട്ടപ്പന നഗരസഭയ്ക്ക് 1700 ഡോസ് വാക്‌സിൻ അനുവദിച്ചു. 900 ഡോസ് കൊവിഡീൽഡും 800 ഡോസ് കൊവാക്‌സിനുമാണ് നൽകിയത്. ഇന്നുമുതൽ വിതരണം ആരംഭിക്കും. നഗരസഭയ്ക്ക് കൂടുതൽ വാക്‌സിൻ അനുവദിച്ചതായി മന്ത്രി റോഷി അഗസ്റ്റിനും അറിയിച്ചു. വാക്‌സിൻ വിഹിതത്തിൽ നഗരസഭക്കെതിരെയുള്ള വിവേചനത്തിനെതിരെ പ്രതിഷേധം ശക്തമായിരുന്നു. അവഗണന അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കൗൺസിലർമാർ ഇന്നലെ ഡി.എം.ഒ. ഓഫീസ് പടിക്കൽ ധർണ നടത്തി. തുടർന്ന് ഡി.എം.ഒ. ഡോ. എൻ. പ്രിയ, ഡെപ്യൂട്ടി ഡി.എം.ഒ. ഡോ. സുരേഷ് വർഗീസ് എന്നിവരുമായി ചർച്ച നടത്തി. വരും ദിവസങ്ങളിൽ കൂടുതൽ ഡോസ് വാക്‌സിൻ നൽകുമെന്ന് ഡി.എം.ഒ. അറിയിച്ചു. കൗൺസിലർമാരായ മനോജ് മുരളി, സിബി പാറപ്പായി, അഡ്വ. കെ.ജെ. ബെന്നി, ജോയി ആനിത്തോട്ടം, രാജൻ കാലാച്ചിറ, പ്രശാന്ത് രാജു എന്നിവരാണ് ധർണ നടത്തിയത്.
ജില്ലയിലെ മറ്റ് പി.എച്ച്.സികൾക്ക് നൽകുന്ന വാക്‌സിനേക്കാൾ കുറവാണ് നഗരസഭയിലെ ഏക വാക്‌സിനേഷൻ കേന്ദ്രമായ കട്ടപ്പന താലൂക്ക് ആശുപത്രിയിൽ ലഭിച്ചിരുന്നത്. ആദ്യ ഡോസ് കൊവിഷീൽഡ് സ്വീകരിച്ച് രണ്ടാമത്തെ ഡോസ് ലഭിക്കാനുള്ള 1500ൽപ്പരം പേർ നഗരസഭയിലുണ്ട്. രണ്ടാമത്തെ ഡോസ് കോവാക്‌സിൻ സ്വീകരിക്കാനുള്ളവർ ഇതിനേക്കാൾ കൂടുതലാണ്.
നഗരസഭ ടൗൺ ഹാളിൽ ഇന്നുമുതൽ വാക്‌സിനേഷൻ ആരംഭിക്കും. ഇന്ന് രാവിലെ 9.30 മുതൽ രണ്ടാം ഡോസ് കൊവാക്‌സിനും കൊവിഡീൽഡും വിതരണം ചെയ്യും. നാളെ രാവിലെ 9.30 ന് ഒന്നു മുതൽ 17 വരെയുള്ള വാർഡുകളിലെ 50 പേർക്ക് വീതവും 25ന് രാവിലെ 9.30 മുതൽ 18 മുതൽ 34 വരെയുള്ള വാർഡുകളിലെ 50 പേർക്ക് വീതവും വാക്‌സിൻ നൽകും. നാളെ രാവിലെ 9.30 മുതൽ 10.30 വരെ വാർഡ് 1, 2, 10.30 11.30 വാർഡ് 5,6, 11.3012.30 വാർഡ് 7,8, 12.301.30 വാർഡ് 13, 14, 1.303.00 വാർഡ് 15, 16, 17. 25ന് രാവിലെ 9.30 10.30 വാർഡ് 20, 21, 10.3011.30 വാർഡ് 24,25, 11.3012.30 വാർഡ് 26,27, 12.301.30 വാർഡ് 28, 29, 1.302.30 വാർഡ് 30, 31, 2.303.30, വാർഡ് 32, 34. വാർഡുതല വാക്‌സിൻ നടക്കാത്ത 23 വാർഡുകളിലാണ് 24, 25 തിയതികളിൽ വിതരണം നടക്കുന്നത്. വാക്‌സിൻ കൂടുതൽ ലഭിച്ചാൽ ടൗൺ ഹാളിൽ സ്ഥിരം വാക്‌സിനേഷൻ കേന്ദ്രം ആരംഭിക്കും. ഇവിടേയ്ക്ക് ഡോക്ടറെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച 28ന് നടത്താനും തീരുമാനിച്ചിട്ടുണ്ട്.
താലൂക്ക് ആശുപത്രിയിൽ എത്തുന്നവയിൽ പകുതിയും മറ്റ് പഞ്ചായത്തുകളിൽ നിന്ന് ബുക്ക് ചെയ്തവർക്ക് നൽകുന്നതോടെ കട്ടപ്പനയിലുള്ളവർക്ക് വാക്‌സിൻ ലഭിക്കാത്ത സ്ഥിതിയാണ്. നഗരസഭയിൽ 50 ശതമാനം പോലും വാക്‌സിനേഷൻ പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല. സംസ്ഥാനത്തെ മികച്ച കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളിലൊന്നാണ് കട്ടപ്പനയിലേത്. ഇവിടെ ചികിത്സ ലഭിച്ച് രോഗമുക്തി നേടിയവരിൽ 80 ശതമാനത്തിലധികം സമീപ പഞ്ചായത്തുകളിൽ നിന്നുള്ളവരാണ്. കൂടാതെ എല്ലാവിധ സൗകര്യങ്ങളോടും കൂടിയാണ് സി.സി.സി. പ്രവർത്തനമാരംഭിച്ചിരിക്കുന്നത്.