പാലാ: ഇനി തമ്പഴത്തോട്ടിൻ കടവുകളിലേക്ക് ആർക്കും ഇറങ്ങാം. തൂമ്പയും വാക്കത്തിയുമൊക്കെയായി മെമ്പർമാർ കൈകോർത്തതോടെ കൊഴുവനാൽ തമ്പഴത്തോടിന് പുതുജീവൻ.

ഒരു കാലത്ത് തെളിനീരൊഴുക്കിയിരുന്ന തമ്പഴത്തോടിന്റെ ഇന്നത്തെ അവസ്ഥ കാട്ടുപുഴയ്ക്ക് തുല്യമായി . ഇഞ്ചപ്പടർപ്പുകൾ വനമായി വളർന്നതോടെ ഇവിടം ഇഴജന്തുക്കൾ താവളമാക്കി. ഗതികെട്ട പുഴയെ പുനരുജ്ജീവിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആദ്യം മുന്നിട്ടിറങ്ങിയത് കൊഴുവനാൽ പഞ്ചായത്ത് 11ാം വാർഡ് മെമ്പർ പി.സി. ജോസഫാണ്. തൊട്ടുപിന്നാലെ പിന്തുണയുമായി 10ാം വാർഡ് മെമ്പർ കെ. ആർ.ഗോപിയും രംഗത്തുവന്നു.

കൊഴുവനാൽ പഞ്ചായത്തിലെ 5, 10 , 11, 12 വാർഡുകൾ അതിരിടുന്ന തമ്പഴത്തോട് അകലക്കുന്നം പഞ്ചായത്തിനെ ഒഴുകിക്കടന്നാണ് കൊഴുവനാലിലേയ്ക്ക് എത്തുന്നത്. കൊഴുവനാലിനെ കുളിരണിയിച്ച് മുത്തോലി വഴി മീനച്ചിലാറിനെ പുണരും.

ഇത്തവണ കൊഴുവനാൽ പഞ്ചായത്ത് ഭരണസമിതി അധികാരമേറ്റയുടൻ മെമ്പർ പി.സി.ജോസഫ് ആദ്യം ശബ്ദമുയർത്തിയത് തമ്പഴത്തോടിന്റെ പുനർജ്ജീവനത്തിനാണ്. പഞ്ചായത്ത് പ്രസിഡന്റ് നിമ്മി ട്വിങ്കിൾ രാജും, വൈസ് പ്രസിഡന്റ് രാജേഷുമുൾപ്പെടെ മുഴുവൻ മെമ്പർമാരും തോട് ശുചീകരണ വിഷയത്തിൽ ജോസഫിനൊപ്പം നിന്നു.

ആദ്യഘട്ടത്തിൽ തൊഴിലുറപ്പ് പ്രവർത്തകരായ സ്ത്രീകളാണ് തോടിൻ തീരം ശുചീകരിക്കാനിറങ്ങിയത്. എന്നാൽ കൂറ്റൻ ഇഞ്ചപ്പടർപ്പുകൾക്കു മുന്നിൽ കാര്യമായൊന്നും ചെയ്യാനായില്ല. ഇതോടെ ഇഞ്ചപ്പടർപ്പുകൾ തെളിക്കാൻ മെമ്പർ പി.സി ജോസഫ് സ്വയം മുന്നോട്ടുവരികയായിരുന്നു. 10ാം വാർഡ് മെമ്പർ കെ.ആർ ഗോപിയും പണിക്കിറങ്ങി. ശുചീകരണ യജ്ഞത്തിന് എല്ലാ വിധ പിന്തുണയും നൽകുമെന്ന് മാണി സി.കാപ്പൻ എം.എൽ.എയും, മുൻ എം.പി ജോസ് കെ.മാണിയും പറഞ്ഞു. ശുചീകരണ പ്രവർത്തനങ്ങൾ നേരിൽ കാണാനെത്തുമെന്ന് തോമസ് ചാഴികാടൻ എം.പിയും അറിയിച്ചു.