കട്ടപ്പന: കൊവിഡിനൊപ്പം നഗരത്തിൽ ഡെങ്കിപ്പനി ഭീഷണിയും. കട്ടപ്പന പൊലീസ് സ്റ്റേഷനിലെ എസ്.ഐ. സി.പി.ഒ എന്നിവർക്കും അന്യ സംസ്ഥാന തൊഴിലാളിക്കുമാണ് രോഗലക്ഷണങ്ങൾ കണ്ടത്. ഇവരെ നിരീക്ഷണത്തിലാക്കി. രോഗത്തിന് കാരണമാകുന്ന ഈജിപ്തി ഈഡിസ് കൊതുകുകളുടെ സാന്നിദ്ധ്യവും കട്ടപ്പന മാർക്കറ്റിൽ കണ്ടെത്തിയിട്ടുണ്ട്. ബ്രേക്ക് ദി ചെയിൻ കാമ്പയിന്റെ ഭാഗമായി ആളുകൾക്ക് കൈകഴുകാൻ സ്ഥാപിച്ചിരുന്ന ടാങ്കുകളിലാണ് കൊതുകുകളുടെ താവളം.
ഒരാഴ്ചയ്ക്കിടെയാണ് 3 പേരിൽ രോഗലക്ഷണങ്ങൾ കണ്ടത്. തുടർന്ന് ഇവർക്ക് ചികിത്സ നൽകി നിരീക്ഷണത്തിലാക്കുകയായിരുന്നു. ഡെങ്കിപ്പനിക്ക് കാരണമായ ഈജിപ്തി ഈഡീസ് കൊതുകുകൾക്കൊപ്പം ആൽബോപിര്രകസ് ഈഡീസ് കൊതുകുകളും നഗരത്തിലുണ്ട്. ഇതോടെ രോഗവ്യാപനം തടയാൻ വെക്ടർ കൺട്രോൾ യൂണിറ്റും നഗരസഭയും പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി. ഫോംഗിംഗ് ആരംഭിച്ചു. കഴിഞ്ഞ ലോക്ക്ഡൗൺ കാലത്ത് വ്യാപാര സ്ഥാപനങ്ങളിൽ സ്ഥാപിച്ച ജലസംഭരണ ടാങ്കുകളിലാണ് കൊതുകുകൾ വളരുന്നതെന്ന് ശ്രദ്ധയിൽപെട്ടിട്ടുണ്ട്.
ഡെങ്കിപ്പനിക്ക് കാരണമാകുന്ന കൊതുകുകൾ മുട്ടയിട്ട് പെരുകുന്നത് ശുദ്ധജലത്തിലാണ്. വെള്ളം കെട്ടിനിൽക്കുന്ന സാഹചര്യം ഒഴിവാക്കാൻ നടപടി സ്വീകരിക്കണമെന്ന് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു. വെള്ളം ശേഖരിക്കുന്ന ടാങ്കുകൾ ശുചീകരിച്ച് അടച്ചുമൂട്ടി സൂക്ഷിക്കണം. ഫ്രിഡ്ജുകളുടെ പിന്നിൽ വെള്ളം കെട്ടിക്കിടക്കുന്ന സാഹചര്യമുണ്ടാകരുത്. വെ്ര്രകർ സ്റ്റഡിയും ഫീവർ സർവേയും ഉടൻ നടത്തുമെന്ന് മലേറിയ ഇൻസ്‌പെക്ടർ എം. ഷിബു പറഞ്ഞു.