കോട്ടയം: ഒരു കോടി രൂപയോളം മുടക്കി നവീകരിച്ച കോട്ടയം നഗരസഭാ നെഹ്റു പാർക്ക് ആരും നോക്കാതായതോടെ പുല്ലുകേറി മുങ്ങി. ശിൽപ്പങ്ങളാവട്ടെ തുരുമ്പെടുത്ത് നശിച്ചുതുടങ്ങി. കൊവിഡ് രൂക്ഷമായതോടെ ആളനക്കമില്ലാതെ കിടക്കുന്ന പാർക്കിൽ ഇപ്പോൾ സന്ദർശകർ പാമ്പും എലികളും. ഇനി ഇത് പൂർവസ്ഥിതിയിലാക്കണമെങ്കിൽ ലക്ഷങ്ങൾ തന്നെ മുടക്കേണ്ടി വരും. പ്രശസ്ത ശിൽപി കെ.എസ്.രാധാകൃഷ്ണൻ നിർമ്മിച്ച ശിൽപ്പങ്ങളും ഇതിനോടകം നശിച്ചുകഴിഞ്ഞു.
പാർക്കിലെ കുളങ്ങളും പായൽ കയറിക്കിടക്കുകയാണ്. പാർക്കിലുള്ള നടപ്പാതകളിൽ ചവിട്ടാൻ പോലും അറയ്ക്കുന്ന അവസ്ഥയിലാണ്. ഗുണമേന്മയില്ലാത്ത വെള്ളമാണ് കുട്ടികൾ കളിക്കാനിറങ്ങുന്ന കുളങ്ങളിൽ നിറച്ചിരുന്നതെന്ന ആക്ഷേപവും രൂക്ഷമാണ്.
കുട്ടികൾക്ക് കളിക്കാനായി ഊഞ്ഞാലും മറ്റും പാർക്കിലുണ്ട്. ഇതെല്ലാം തുരുമ്പെടുത്തതോടെ ഇനിയും ഇതിൽ ആടാൻ സാധിക്കില്ല. പുതിയ ഊഞ്ഞാലും ബഞ്ചുകളും സ്ഥാപിച്ചാലെ കുട്ടികൾ ഇനി പാർക്കിലേക്ക് വന്നിട്ട് കാര്യമുള്ളു. കൊവിഡ് നിരോധനം പിൻവലിക്കുന്നതോടെ വീടുകളിൽ അടച്ചുപൂട്ടപ്പെട്ട കുട്ടികൾ കൂടുതലായും പാർക്കിലെത്തും. ഇതിനോടകം പുല്ലുവെട്ടിമാറ്റി, തുരുമ്പെടുത്ത ഉപകരണങ്ങൾ മാറ്റി സ്ഥാപിക്കുമോയെന്നാണ് കണ്ടറിയേണ്ടത്.
43 വർഷം മുൻപാണ് കോട്ടയം നഗരഹൃദയത്തിൽ ശാസ്ത്ര്ീറോഡിനോട് ചേർന്ന് കുട്ടികൾക്കായി പാർക്ക് ആരംഭിച്ചത്. പാർക്ക് അത്യാധുനിക സംവിധാനത്തോടെ പുനർനിർമ്മിക്കാൻ 2014ലാണ് കരാർ നല്കിയത്. 16 മാസം കൊണ്ട് പണി പൂർത്തിയാക്കണമെന്ന ഉറപ്പിൽ ആണ് കരാർ നല്കിയതെങ്കിലും നാലരവർഷം കൊണ്ടാണ് പണി പൂർത്തിയാക്കിയത്. പൊതുഇടങ്ങൾ വളരെക്കുറവുള്ള നഗരത്തിന് ആശ്വാസമാണ് ഈ പാർക്ക്. നഗരസഭ തീരുമാനെടുത്തതോടെ ഒരു കോടി രൂപയോളം മുടക്കി നവീകരണം നടത്തിയ പാർക്ക് 2019 ഡിസംബർ 26നാണ് തുറന്നുകൊടുത്തത്. എന്നാൽ ഒരു വർഷം പോലും പാർക്ക് ഉപയോഗിക്കാൻ കുട്ടികൾക്കോ അവരോടൊപ്പമെത്തിയവർക്കോ കഴിഞ്ഞില്ല. കാരണം കൊവിഡ് തന്നെ.
സന്ദർശകർ പാർക്കിൽ എത്താതായതോടെയാണ് പാർക്കിന് ഈ ഗതികേട് വന്നതെന്നാണ് പറയുന്നത്.
നവീകരിച്ച പാർക്ക് എങ്ങനെ പരിപാലിക്കണമെന്ന കാര്യത്തിൽ നഗരസഭ ഇനിയും തീരുമാനമെടുത്തിട്ടില്ല. പരിപാലനം പുറമെയുള്ള ഏജൻസികൾക്ക് നൽകാമെന്ന ചർച്ച കൗൺസിലിൽ വന്നെങ്കിലും ഒരു നടപടിയും എടുത്തിട്ടില്ല. പാരിപാലനത്തിനായി ജീവനക്കാരെ നിയോഗിച്ചിട്ടുമില്ല. ഫലം ആരും തിരിഞ്ഞുനോക്കാതെ പാർക്ക് നശിക്കുകയാണ്.