കടുത്തുരുത്തി : പെട്രോളും, ഡീസലും ജി.എസ്.ടി പരിധിയിൽ ഉൾപ്പെടുത്താൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തയ്യാറാകണമെന്ന് കേരള കോൺഗ്രസ് എക്‌സിക്യുട്ടീവ് ചെയർമാനും, നിയമസഭ പ്രതിപക്ഷ ചീഫ് വിപ്പുമായ അഡ്വ. മോൻസ് ജോസഫ് എം.എൽ.എ ആവശ്യപ്പെട്ടു. അന്യായമായി അടിച്ചേൽപ്പിക്കുന്ന വിലവർദ്ധനവ് പിൻവലിക്കാൻ കേന്ദ്ര സർക്കാർ ഇടപെടണമെന്ന് ആവശ്യപ്പെട്ട് കേരള കോൺഗ്രസ് സംസ്ഥാന വ്യാപകമായി നടത്തിയ ജനകീയ പ്രക്ഷോഭത്തിന്റെ ഭാഗമായി കടുത്തുരുത്തിയിൽ നടത്തിയ പ്രതിഷേധ കൂട്ടധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദേശീയതലത്തിൽ ഏകീകൃത വിപണി എന്നത് ജി.എസ്.ടി നിയമത്തിന്റെ മുഖ്യലക്ഷ്യമാണ്. പെട്രോൾ ഡീസൽ വിലയുടെ 60% കേന്ദ്ര - സംസ്ഥാന നികുതികളാണെന്നും ഇത് കുറച്ചാൽ വില നിയന്ത്റണം സാദ്ധ്യമാക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. ഉന്നതാധികാര സമിതിയംഗം മാഞ്ഞൂർ മോഹൻകുമാർ അദ്ധ്യക്ഷത വഹിച്ചു. തോമസ് കണ്ണന്തറ, സ്റ്റീഫൻ പാറാവേലി, ജോൺ നീലംപറമ്പിൽ, സി.എം ജോർജ്, ജെയിംസ് തത്തംങ്കുളം, ലൈസ്യമ്മ മുല്ലക്കര , വാസുദേവൻ നമ്പൂതിരി, ജോണി കണിവേലിൽ, സെബാസ്റ്റ്യൻ കോച്ചേരി, ജോണിച്ചൻ പൂമരം, ജിൻസ് ചക്കാല, ജോസ്‌മോൻ മാളിയേക്കൽ, അരുൺ പുഞ്ചയിൽ, നിജോ ജോയി മാളിയേക്കൽ എന്നിവർ പങ്കെടുത്തു.