rest-hse-1

ചങ്ങനാശേരി: കാടും പടലവുമായി നാശത്തിലേക്ക് നീങ്ങിയ റെസ്റ്റ് ഹൗസ് പുതുക്കി നിർമ്മിക്കുന്നതിനായുള്ള പദ്ധതിക്ക് ജില്ലാ ആസൂത്രണ സമിതിയുടെ ( ഡി.പി.സി ) അനുമതി. ആദ്യഘട്ടമെന്ന നിലയിൽ എട്ട് ലക്ഷം രൂപയാണ് വകയിരുത്തുന്നത്. പദ്ധതിയുടെ വിശദമായ പ്ലാൻ തയാറാക്കി കൗൺസിൽ പരിഗണനയ്ക്ക് സമർപ്പിക്കും.ആറ് നിലകളിലായി കെട്ടിടം പുതുക്കി നിർമ്മിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി ഗ്രൗണ്ട് ഫ്ലോർ ബാങ്ക്, വിവിധ സംരംഭങ്ങൾ,വാണിജ്യ ആവശ്യങ്ങൾക്കായി ഉപയോഗപ്പെടുത്തും. 2,3,4,5 എന്നീ നിലകളിൽ ഹോട്ടലുകളും ആറാം നിലയിൽ ഗസ്റ്റ് ഹൗസ്, അണ്ടർ ഗ്രൗണ്ട് പാർക്കിംഗ് എന്നിങ്ങനെ നിർമ്മിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. റസ്റ്റ് ഹൗസിനു സമീപത്ത് സ്ഥിതി ചെയ്യുന്ന പൂവക്കാട്ട് ചിറകുളം, നഗരസഭ പാർക്ക് എന്നിവയുടെ സാധ്യതകളെ മുൻനിർത്തിയാണ് പദ്ധതി ആസൂത്രണം ചെയ്യുന്നത്. കെട്ടിടം നിർമ്മിക്കുന്നതിനായി കേരള അർബൻ ഡവലപ്‌മെന്റ് കോർപ്പറേഷൻ സ്ഥാപനങ്ങളിൽ നിന്നും പണം വായ്പയായി കണ്ടെത്താനും ശ്രമമുണ്ട്.

അവഗണനയുടെ പട്ടികയിൽ

നഗരമധ്യത്തിൽ സ്ഥിതി ചെയ്യുന്ന ചങ്ങനാശേരി റെസ്റ്റ് ഹൗസ് വർഷങ്ങളായി അവഗണനയുടെ പട്ടികയിലാണ്. വാടകയ്ക്ക് എടുത്തവർ ശരിയായ രീതിയിൽ കെട്ടിടം ഉപയോഗിക്കാതിരുന്നതും അധികൃതരുടെ മേൽനോട്ടം ഇല്ലാതിരുന്നതും കെട്ടിടത്തെ നാശത്തിലേക്ക് നയിച്ചു. ഇതോടെ, നഗരസഭയിലേക്കുള്ള വരുമാനവും നിലച്ചു. ഹോട്ടൽ, മറ്റ് സ്ഥാപനങ്ങൾ തുടങ്ങിയവ ഇവിടെ പ്രവർത്തിച്ചിരുന്നു.വർഷങ്ങളായി റെസ്റ്റ് ഹൗസ് അടച്ചിട്ട നിലയിലാണ്. എം.സി റോഡിൽ നഗരസഭ പാർക്കിന് സമീപമാണ് റെസ്റ്റ് ഹൗസ് സ്ഥിതി ചെയ്യുന്നത്.