ചങ്ങനാശേരി: നഗരത്തെ മാലിന്യമുക്തമാക്കുന്നതിനായി ഹരിതകർമ്മസേന വീണ്ടും സജീവമായി. ഇതിന്റെ ഭാഗമായി ജൈവമാലിന്യം ഉറവിടത്തിൽ തന്നെ സംസ്‌കരിക്കുന്നതിനും അജൈവമാലിന്യങ്ങൾ ഹരിതകർമ്മസേന വീടുകളിൽ നിന്നും വ്യാപാരസ്ഥാപനങ്ങളിൽ നിന്നും ശേഖരിച്ച് ക്ലീൻ കേരള കമ്പനിക്ക് കൈമാറുകയും ചെയ്യും. ഇതിനായി കലണ്ടറും ക്രമീകരിക്കും. ആദ്യപടിയായി വീടുകളിൽ കഴുകി വൃത്തിയാക്കി വച്ചിരിക്കുന്ന പ്ലാസ്റ്റിക് മാലിന്യം വീടിന് പ്രതിമാസം 100 രൂപ നിരക്കിൽ ശേഖരിക്കും. പിന്നീട്,ചെരുപ്പ്,ബാഗ്,കുപ്പിചില്ലുകൾ,ഇ വേസ്റ്റ് എന്നിവ ശേഖരിക്കും.

വ്യാപാരസ്ഥാപനങ്ങളിൽ നിന്നും പ്ലാസ്റ്റിക്ക് ശേഖരിക്കും. അഞ്ച് കിലോ വരെ 100 രൂപയും പിന്നീടുള്ള ഓരോ കിലോയ്ക്കും 20 രൂപ ഈടാക്കി പ്ലാസ്റ്റിക്ക് ശേഖരിക്കും. ഈടാക്കുന്ന ഫീസിന് ഇലക്ട്രോണിക് ബിൽ നൽകും. കൂടാതെ, വിവരങ്ങൾ ആപ്പ് മുഖേന കൗൺസിലർ, മുൻസിപ്പൽ അധികൃതർ എന്നിവരിൽ എത്തുകയും ചെയ്യും. പ്ലാസ്റ്റിക് നൽകിയാലും ഇല്ലെങ്കിലും 100 രൂപ പ്രതിമാസം ഹരിത കർമ്മസേനയ്ക്ക് നൽകണം. . പ്രവർത്തനം വിജയിപ്പിക്കുന്നതിനായി ജനങ്ങൾ സഹകരിക്കണമെന്ന് നഗരസഭ അദ്ധ്യക്ഷ സന്ധ്യാ മനോജ്, ആരോഗ്യകാര്യ സമിതി ചെയർമാൻ എൽസമ്മ ജോബ് എന്നിവർ അറിയിച്ചു.