gulf

കോട്ടയം : ലോക്ക് ഡൗണിന് മുന്നേ അവധിക്ക് നാട്ടിലെത്തിയ പ്രവാസികൾ തിരികെ പോകാനാവാതെ പെടാപ്പാടുപെടുന്നു. കൊവിഡ് ശമിച്ചപ്പോൾ വർഷങ്ങൾക്ക് ശേഷം ഉറ്റവരെയും ഉടയവരെയും കാണാനെത്തിയവരാണ് തിരികെ മടങ്ങാനുള്ള സമയ പരിധി കഴിഞ്ഞിട്ടും നാട്ടിൽ ലോക്കായത്. ഉസ്ബസ്കിസ്ഥാൻ,​ അർമേനിയ തുടങ്ങിയ രാജ്യങ്ങളിലെത്തി രണ്ടാഴ്ച ക്വാറന്റൈൻ പൂർത്തിയാക്കി കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കി ഗൾഫ് നാടുകളിലേയ്ക്ക് ടൂർ കമ്പനികൾ പാക്കേജുണ്ടെങ്കിലും വൻ സാമ്പത്തിക ചെലവാണ്. ഇതിന് പുറമെ ഉയർന്ന ടിക്കറ്റ് നിരക്കും. മുൻപ് 10,000 മുതൽ 20,000 രൂപ വരെ ടിക്കറ്റ് ചാർജായിരുന്നെങ്കിൽ ഇപ്പോൾ ലക്ഷങ്ങൾ കൈയിൽ നിന്ന് പോകും. ഇത്രയും തുക മുടക്കി തിരികെ പറക്കാൻ കെൽപ്പില്ലാത്തവരെല്ലാം നാട്ടിൽ കുടുങ്ങിക്കിടക്കുകയാണ്. സാഹചര്യം മോശമായതിനാൽ ചിലർ നാട്ടിൽ താത്കാലിക ജോലി അന്വേഷിച്ചും തുടങ്ങി.

 ആശങ്കമാറാതെ

ഗൾഫ് ഉൾപ്പെടെയുള്ള നാടുകളിൽ പല കമ്പനികൾ ശമ്പളം വെട്ടിക്കുറച്ചു. വിദേശങ്ങളിൽ ചെറുകിട കച്ചവട സ്ഥാപനങ്ങളും സംരംഭങ്ങളും നടത്തുന്നവർക്ക് വാടക പോലും കൊടുക്കാനാവാത്ത സ്ഥിതിയാണ്. വിസ കാലാവധി അവസാനിക്കാറായവരും ജോയിൻ ചെയ്തില്ലെങ്കിൽ ജോലി പോകുമെന്ന് മുന്നറിയിപ്പ് ലഭിച്ചവരും ഭീമമായ പണം മുടക്കി മടങ്ങിപ്പോയിട്ടുണ്ട്. താമസ സ്ഥലത്തെ വാടകയടക്കം കുടിശികയായവരുമുണ്ട്.

ഒന്നര മാസത്തെ അവധിക്ക് രണ്ട് വർഷത്തിന് ശേഷമാണ് ഏപ്രിലിൽ ദുബായിൽ നിന്ന് വന്നത്. ക്വാറന്റൈനും മറ്റും കഴിഞ്ഞ് ആഴ്ചകൾക്ക് ശേഷം ലോക്ക് ഡൗണായി. എല്ലാ സുഹൃത്തുക്കളേയോ ബന്ധുക്കളേയോ കാണാനായില്ല. ഫലത്തിൽ നാട്ടിലെത്തിയതിന്റെ ഒരു പ്രയോജനവും ലഭിച്ചില്ല. തിരികെ പോകാനുള്ള സമയം കഴിഞ്ഞു. പ്രശ്നങ്ങൾ കമ്പനിയെ അറിയിച്ചിട്ടുണ്ട്. ഭാവി എന്താകുമെന്ന് ഒരുറപ്പുമില്ല

ഹരികൃഷ്ണൻ നായർ,പള്ളിക്കത്തോട് (പ്രവാസി-ദുബായ്)​

പ്രശ്നങ്ങൾ ഇങ്ങനെ

മുൻഗണനയുണ്ടെങ്കിലും പ്രവാസികളുടെ വാക്സിൻ വിതരണം പൂർത്തിയായില്ല

 സാമ്പത്തിക സ്ഥിതിയില്ലാത്തവർക്ക് ഭീമമായ ചെലവ് വഹിച്ച് മടങ്ങാനാവില്ല

 എങ്ങനേയും ജോലിക്ക് ഹാജരാകാൻ കമ്പനികളുടെ മുന്നറിയിപ്പ്