ചങ്ങനാശേരി: വിദ്യാർത്ഥികളുടെ ഓൺലൈൻ പഠനത്തിന് വേണ്ടി തടസമില്ലാത്ത നിലയിൽ വൈദ്യുതി വിതരണ സംവിധാനങ്ങൾ മെച്ചപ്പെടുത്തണമെന്നും വൈദ്യുതി ലൈനുകളിലേക്ക് ചാഞ്ഞുനിൽക്കുന്ന മരങ്ങൾ വെട്ടിനീക്കുന്നതുമായി ബന്ധപ്പെട്ട് തദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെ സഹായത്തോടെ ക്രമീകരണങ്ങൾ ചെയ്യണമെന്നും അഡ്വ ജോബ് മൈക്കിൾ എം.എൽ.എ പറഞ്ഞു. ചങ്ങനാശേരി നിയോജകമണ്ഡലത്തിലെ വൈദ്യുതി മേഖലയുമായി ബന്ധപ്പെട്ടുള്ള വികസന പദ്ധതികളെക്കുറിച്ച് പി.ഡബ്ല്യു.ഡി റെസ്റ്റ് ഹൗസിൽ കൂടിയ യോഗത്തിലാണ് നിർദേശം. വ്യാവസായിക സ്ഥാപനങ്ങൾ, ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങൾ എന്നിവയ്ക്കുള്ള പുതിയ വൈദ്യുതി കണക്ഷനുകൾ സമയബന്ധിതമായി നൽകണമെന്നും നിലവിലുള്ള വികസനപദ്ധതികളുടെ രൂപരേഖ ജൂലായ് 15ന് മുൻപായി റിപ്പോർട്ടാക്കി സമർപ്പിക്കണമെന്നും ഉദ്യോഗസ്ഥർക്ക് നിർദേശവും നൽകി. ചങ്ങനാശേരി ഇലക്ട്രിക്കൽ ഡിവിഷൻ അസി. എക്‌സിക്യൂട്ടീവ് എൻജിനീയർ ഇൻ ചാർജ് ലേഖ എസ്.നായർ, കറുകച്ചാൽ സബ് ഡിവിഷൻ അസി.എക്‌സിക്യൂട്ടീവ് എൻജിനീയർ ബി.ബിനു, മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.